ശത്രുക്കളുടെ സാമീപ്യം മനസ്സിലാക്കി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മൃഗങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്. ഇപ്രകാരം അപകടം അടുത്തുണ്ട് എന്ന് ഒരു മൃഗം തന്റെ കൂട്ടാളികളെ അറിയിക്കുന്നത് പ്രത്യേക ശബ്ദം ഉണ്ടാക്കിയോ, ഗന്ധമുള്ള സ്രവം പുറപ്പെടുവിച്ചോ ഒക്കെയാണ്. എന്നാല്‍ ഈ പ്രതിരോധ സംവിധാനം മൃഗങ്ങളുടെ കുത്തകയല്ല എന്നു തെളിയിച്ചിരിക്കുകയാണ് ഒരു സംഘം ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍. പരമ സാധുക്കളെന്നും ദുര്‍ബലരെന്നുമൊക്കെ നാം കരുതുന്ന ചില സസ്യങ്ങള്‍ക്കും ഇത്തരം തന്ത്രങ്ങളുണ്ടത്രേ!
ജപ്പാനിലെ ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. അറബിഡോപ്‌സിസ് താലിയാന (Arabidopsis thaliana) എന്ന ഒരു സസ്യമാണ് ഇവര്‍ പഠന വിധേയമാക്കിയത്. താരതമ്യേന ഹ്രസ്വമായ ജീവിതചക്രം ഉള്ള ഒരു സസ്യമായ ഇത് സ്യശാസ്ത്രത്തിലും ജനിതകശാസ്ത്രത്തിലും പ്രചാരമുള്ള ഒരു മാതൃകാ സസ്യമാണ്. ചെടിയുടെ ചെറിയ വലിപ്പവും ദ്രുതഗതിയിലുള്ള ജീവിതചക്രവും ഗവേഷണത്തിന് ഗുണകരമാണ്. ഇവിടെ താലിയാന എന്ന സസ്യത്തിന് അടുത്ത് ഗവേഷകര്‍ ബീറ്റാ ഓസിമന്‍ (-ocimene) എന്ന ഓര്‍ഗാനിക് സംയുക്തം പ്രയോഗിച്ചു. സാധാരണ കീടങ്ങളില്‍നിന്നും ഭീഷണിയുണ്ടാവുമ്പോള്‍ സസ്യങ്ങള്‍ അവയെക്കുറിച്ച് മറ്റു സസ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ പുറപ്പെടുവിക്കുന്നതാണിത്. താമസിയാതെ അടുത്തുള്ള മറ്റ് സസ്യങ്ങള്‍ അപകടം തിരിച്ചറിയുകയും പ്രതിരോധ ഘടകം പുറപ്പെടുവിച്ച് രക്ഷ നേടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് ഗവേഷകര്‍ തെളിയിച്ചത്.
No comments:
Post a Comment