my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Saturday, August 31, 2019

വി. കെ. ജോഹ്‌റി ബിഎസ്എഫിന്റെ പുതിയ മേധാവി

മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ വി. കെ. ജോഹ്‌റി (Vivek Kumar Johri) ബിഎസ്എഫിന്റെ (BSF - Border Security Force) പുതിയ ഡയറക്ടര്‍ ജനറല്‍. 1984 ബാച്ച് ഐപിഎസ് ഓഫീസറായ വി. കെ. ജോഹ്‌റി മധ്യപ്രദേശ് കേഡറില്‍നിന്നുള്ള വ്യക്തിയാണ്. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ റോ (RAW) യില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് പുതിയ നിയമനം.

Friday, August 30, 2019

വള്ളത്തോള്‍ പുരസ്‌കാരം സക്കറിയയ്ക്ക്

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ സക്കറിയയ്ക്ക്. മലയാള ചെറുകഥാ സാഹിത്യത്തെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സക്കറിയയുടെ കഥകള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളതായി ജൂറി വിലയിരുത്തി.
 വള്ളത്തോള്‍  സാഹിത്യസമിതി നല്‍കുന്ന ഈ പുരസ്‌കാരത്തിന് 1, 11, 111 രൂപയും കീര്‍ത്തിഫലകവുമാണ് സമ്മാനം. വള്ളത്തോളിന്റെ ജന്മവാര്‍ഷികദിനമായ ഒക്ടോബര്‍ 16 -ന് തിരുവനന്തപുരത്ത് തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന സാഹിതീയോത്സവത്തിലാണ് പുരസ്‌കാരം നല്‍കുന്നത്.
ഒട്ടേറെ തമിഴ് സാഹിത്യകൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കെ.ജി. ചന്ദ്രശേഖരന്‍നായര്‍ക്ക് വള്ളത്തോള്‍ കീര്‍ത്തിമുദ്രയും സമ്മാനിക്കും.

Thursday, August 29, 2019

പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് കിരീടം മാനസി നയന ജോഷിക്ക്‌.

പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കിരീടമുയര്‍ത്തി മാനസി. ഗുജറാത്തിലെ രാജ്‌കോട്ടില്‍നിന്നുള്ള 30-കാരിയായ മാനസി ഫൈനലില്‍ ഇന്ത്യയുടെതന്നെ പാരുള്‍ പാര്‍മറെ തോല്‍പ്പിച്ചാണ് (21-12, 21-7) കിരീടം നേടിയത്. എസ്.എല്‍. 3 വിഭാഗത്തില്‍ മൂന്ന് തവണ ലോക കിരീടം നേടിയ താരമാണ് പാരുള്‍.

ആറാം വയസ്സില്‍ ബാഡ്മിന്റണ്‍ കളി തുടങ്ങിയ മാനസി 2015-ല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്സഡ് വിഭാഗത്തില്‍ വെള്ളി നേടി.
2017-ല്‍ വനിത വിഭാഗത്തില്‍ വെങ്കലം നേടിയ താരം പി. ഗോപീചന്ദിന്റെ കീഴില്‍  പരിശീലനം നടത്തി 2019 പാര ഒളിമ്പിക്സില്‍ ഇപ്പോള്‍ സ്വര്‍ണവും നേടി. പ്രധാനമന്ത്രി അഭിനന്ദിച്ചു. കായികമന്ത്രി 20 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചു.


Monday, August 26, 2019

ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി അന്തരിച്ചു.(India’s first woman DGP Kanchan Chaudhary Bhattacharya passes away)

ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ(Kanchan Chaudhary Bhattacharya) അന്തരിച്ചു. തിങ്കളാഴ്ച (26.8.2019) വൈകീട്ടോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു.
ഇന്ത്യയിലെ രണ്ടാമത്തെ ഐപിഎസ് ഉദ്യോഗസ്ഥയാണ് കാഞ്ചന്‍ ചൗധരി ഭട്ടാചാര്യ. 1973- ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായിരുന്ന ഇവര്‍ 2004-ലാണ് ഇന്ത്യയുടെ ആദ്യ വനിതാ ഡിജിപിയായി ഉത്തരാഖണ്ഡില്‍ നിയമിതയാകുന്നത്. വിശിഷ്ടസേവനത്തിന് 1997-ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പുരസ്‌കാരവും നേടിയിട്ടുണ്ട്.
2007 ഒക്ടോബര്‍ 31-ന് സര്‍വീസില്‍ നിന്ന് വിരമിച്ചു.

പ്യൂര്‍ടോ വില്ല്യംസ് ഇനി ലോകത്തിന്റെ ഏറ്റവും 'തെക്കേയറ്റത്തെ നഗരം'! (Puerto Williams, the southernmost city in the world

തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തു കിടക്കുന്ന പ്യൂര്‍ടോ വില്ല്യംസ് (Puerto Williams) ലോകത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമെന്ന പദവി (world’s southernmost city) കരസ്ഥമാക്കി. പോര്‍ട് വില്ല്യംസ് എന്നും വിളിക്കപ്പെടുന്ന ഈ പ്രദേശത്തെ അടുത്തയിടെ നഗര പദവിയിലേക്കുയര്‍ത്തിയതോടെയാണിത്. ചിലിയുടെ അധീനതയിലുള്ള നവറിനോ (Navarino) ദ്വീപിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
അര്‍ജന്റീനയുടെ അധീനതയിലുള്ള ഉഷ്‌വായ (Ushuaia) എന്ന നഗരമായിരുന്നു ഇതു വരെ ലോകത്തിന്റെ തെക്കേ അറ്റത്തെ നഗരമായി ഗണിക്കപ്പെട്ടിരുന്നത്.

ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് സ്വര്‍ണ്ണം.

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പി.വി. സിന്ധുവെന്ന പുസര്‍ല വെങ്കിട്ട സിന്ധു ഞായറാഴ്ച രചിച്ചത് ചരിത്രം. ലോക അഞ്ചാം നമ്പര്‍ താരമായ ഈ
 ഹൈദരാബാദുകാരി, നാലാം നമ്പര്‍ താരമായ ഒകുഹാരയെ വെറും 38 മിനിറ്റിനുള്ളില്‍ വീഴ്ത്തിയാണ് വിജയമാഘോഷിച്ചത്. സ്‌കോര്‍: 21-7, 21-7.
ലോകചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാംവട്ടമാണ് സിന്ധു മല്‍സരിച്ചത്. 2017 ല്‍ ഒകുഹാരയോടും 2018 ല്‍ കരോലിന മാര്‍ലിനോടും സിന്ധു പരാജയപ്പെട്ടിരുന്നു.
ലോകപ്രശസ്ത ധനകാര്യമാസികയായ ഫോബ്‌സിന്റെ 2018'-19-ലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍നിന്ന് സിന്ധുവുണ്ട്. പുതിയ നേട്ടംകൊണ്ട് തന്റെ പേര് തങ്കലിപിയാല്‍ എഴുതുകയാണ് പുസര്‍ല വെങ്കിട്ട സിന്ധു.


Friday, August 23, 2019

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു.

മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്‌ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്. 1952 ഡിസംബര്‍ 28-ന് ഡല്‍ഹിയിലാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലി എന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജനനം. ഡല്‍ഹി സെന്റ് സേവ്യേഴ്‌സ് സ്‌കൂല്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സില്‍നിന്ന് കൊമേഴ്‌സില്‍ ഓണേഴ്‌സ് ബിരുദം നേടി. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എല്‍.എല്‍.ബി.യും പൂര്‍ത്തിയാക്കി.18 വര്‍ഷത്തോളം രാജ്യസഭയില്‍ ഗുജറാത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് ഉത്തര്‍പ്രദേശില്‍നിന്നും രാജ്യസഭയിലെത്തി.
ജമ്മു കശ്മീരിലെ മുന്‍ ധനമന്ത്രി ഗിര്‍ദാരി ലാല്‍ ദോഗ്രയുടെ മകള്‍ സംഗീത ജെയ്റ്റ്‌ലിയാണ് ഭാര്യ. സൊനാലി ജെയ്റ്റ്‌ലി, റോഹന്‍ ജെയ്റ്റ്‌ലി എന്നിവര്‍ മക്കളാണ്.

Thursday, August 22, 2019

ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്നയച്ച ചന്ദ്രന്റെ ആദ്യ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു.

ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്നയച്ച ചന്ദ്രന്റെ ആദ്യ ചിത്രം ഇസ്രൊ പുറത്തുവിട്ടു. ഓഗസ്റ്റ് 21ന് പേടകത്തിലെ 'വിക്രം' ലാന്‍ഡറിലെ ക്യാമറയെടുത്ത ചിത്രമാണ് ഇസ്രൊ ട്വീറ്റ് ചെയ്തത്. ഈ ചിത്രം ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 2650 കിലോമീറ്റര്‍ അകലെ നിന്നെടുത്തതാണ്.
ചന്ദ്രനിലെ പ്രശസ്തമായ മെറെ ഓറിയന്റല്‍ തടവും അപ്പോളോ വിള്ളലും കൃത്യമായി രേഖപ്പെടുത്തിയാണ് ചിത്രം ഇസ്രൊ പുറത്തുവിട്ടത്. 'കിഴക്കന്‍ സമുദ്രം' എന്നാണ് മെറെ ഓറിയന്റലിന്റെ ലാറ്റിന്‍ പേര്. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനങ്ങളില്‍ രൂപപ്പെട്ടതാണ് ഇതെന്നാണ് സൂചന.

ലോകത്തിലെ നമ്പര്‍ വണ്‍ അധ്യാപകന്‍ -.ഫ്രാൻസിസ്കൻ സന്യാസിയായ പീറ്റര്‍ താബിച്ചി.


കെനിയയിലെ പട്ടിണിയും വരള്‍ച്ചയും വേട്ടയാടുന്ന ഒരു ഗ്രാമം. അവിടെ ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ശരിക്കു ലഭിക്കാത്ത ഒരു കംപ്യൂട്ടറും പഠിപ്പിക്കാന്‍ ഒരു അധ്യാപകനുമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹത്തിനു കീഴില്‍ നിരവധി ദരിദ്രരായ കുട്ടികള്‍ എന്‍ജിനീയറിങ്ങിനും മറ്റ് അന്താരാഷ്ട്ര മത്സരപ്പരീക്ഷകള്‍ക്കും യോഗ്യത നേടി. ആ അധ്യപകന്റെ പേരാണ് ബ്രദര്‍ പീറ്റര്‍ താബിച്ചി.  ഫ്രാൻസിസ്കൻ സന്യാസിയായ പീറ്റർ തബിച്ചിയെ ഇപ്പോള്‍ ലോകം ആദരിച്ചിരിക്കുന്നു. ഇന്ന് ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള പുരസ്‌കാരമാണ് പീറ്ററിനെ തേടിയെത്തിയത്. Read more

Wednesday, August 21, 2019

ആമസോണ്‍ കാടുകളില്‍ കണ്ടെത്തിയ പുതിയ കുരങ്ങ് വര്‍ഗം-മികോ മുണ്ടുരുകൂ (Mico munduruku)


ആമസോണ്‍ കാടുകളില്‍ നിന്ന്  മര്‍മോസെറ്റ് ഇനത്തില്‍പെട്ട പുതിയ കുരങ്ങ് വര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തി. മികോ മുണ്ടുരുകൂ (Mico munduruku) എന്നതാണ് പുതിയ കുരങ്ങിനത്തിന് നല്‍കിയിരിക്കുന്ന പേര്. ആമസോണില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള മര്‍മോസെറ്റ് ഇനത്തില്‍ പെട്ട കുരങ്ങുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് പുതിയ കുരങ്ങ് വര്‍ഗമെന്ന് ഗവേഷകര്‍ പറയുന്നു. മഞ്ഞിന്റെ നിറമുള്ള വാലുകളാണ് ഈ കുരങ്ങുകളെ മറ്റ് മര്‍മോസെറ്റുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.

Wednesday, August 14, 2019

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ചക്ര

ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് (Wing Commander Abhinandan Varthaman) വീര്‍ചക്ര പുരസ്‌കാരം. യുദ്ധകാലത്ത് സൈനികര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയാണ് വീര്‍ചക്ര. സ്‌ക്വാര്‍ഡന്‍ ലീഡര്‍ മിന്റി അഗവര്‍വാളിന് യുദ്ധ്‌സേവ മെഡലും ലഭിച്ചു. ബാലാക്കോട്ടെ ഭീകരക്യാമ്പിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടി നല്‍കാന്‍ 2019 ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഈ ധീരതയ്ക്കാണ് അഭിനന്ദന് പുരസ്‌കാരം ലഭിച്ചത്. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം 2019 മാര്‍ച്ച് ഒന്നിനു മോചിതനായി.
1983 ജൂണ്‍ 21ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള തിരുപനമൂര്‍ എന്ന സ്ഥലത്താണ് അഭിനന്ദന്‍ ജനിച്ചത്. വ്യോമസേനയില്‍നിന്ന് എയര്‍മാര്‍ഷല്‍ പദവിയില്‍ വിരമിച്ച സിംഹക്കുട്ടി വര്‍ധമാനും ഡോ. ശോഭയും മാതാപിതാക്കള്‍.


Sunday, August 11, 2019

വിക്രം സാരാഭായിയുടെ 100-ാം ജന്മദിനം

ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായ് 1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ധനിക ജൈന കുടുംബത്തില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം അഹമ്മദാബാദിലും ഉന്നത വിദ്യാഭ്യാസം കേംബിഡ്ജിലുമായിരുന്നു. 1947-ല്‍ കോസ്മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്ജില്‍ നിന്ന് പി.എച്ച്.ഡി നേടി. തുടര്‍ന്ന് അഹമ്മദാബാദിലെ ഫിസിക്കല്‍ റിസേര്‍ച്ച് ലാബോറട്ടറിയില്‍ കോസ്മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്‌സ് പ്രൊഫസ്സറായി. പിന്നീട് 1965-ല്‍ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനില്‍ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തില്‍ അദ്ദേഹം പ്രത്യേകം താല്പര്യം കാട്ടി.ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ ,വാര്‍ത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാര്‍ത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ ''വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍'' എന്ന് നാമകരണം ചെയ്തു.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം നേപ്പാളില്‍ കണ്ടെത്തി (The highest lake in the world discovered in nepal)

അടുത്തിടെ നേപ്പളിലെ മനാംഗ് ജില്ലയിലെ (Manang) സിംഗര്‍ഖര്‍ക്ക (Singarkharka) എന്ന പ്രദേശത്ത് പര്യവേക്ഷകര്‍ ഒരു തടാകം കണ്ടെത്തി. സമുദ്രനിരപ്പില്‍നിന്ന് ഏതാണ്ട് 5200 മീറ്റര്‍ ഉയരത്തിലുള്ള ഈ തടാകത്തിന് കാജിന്‍ സാര (Kajin Sara)  എനാണ് പേര് നല്‍കിയിരിക്കുന്നത്. ഇതിന്‍പ്രകാരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തടാകം എന്ന ഖ്യാതി ഇനി ഈ തടാകത്തിനാണ്. 1500 മീറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. നേപ്പളിലെ മനാംഗ് ജില്ലയില്‍ തന്നെയുള്ള ടിലിച്ചോ (Tilicho) എന്ന തടാകമായിരുന്നു ഇതിനുമുന്‍പ് ഏറ്റവും ഉയരം കൂടിയ തടാകമായി പരിഗണിച്ചിരുന്നത്. 4,919 മീറ്റര്‍ ഉയരത്തിലാണ് ടിലിച്ചോ സ്ഥിതി ചെയ്യുന്നത്. ടിലിച്ചോ തടാകത്തിന് നാല് കിലോമീറ്റര്‍ നീളവും അര കിലോമീറ്റര്‍ വീതിയുമാണുള്ളത്.

Friday, August 9, 2019

ക്വിറ്റ് ഇന്ത്യ വാര്‍ഷികം ആചരിച്ചു

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ (Quit India Movement) 77-ാം വാര്‍ഷികം ആഗസ്റ്റ് 8ന് രാജ്യമെമ്പാടും വിവിധ പരിപാടികളോടെ ആചരിച്ചു. 1942 ആഗസ്റ്റ് 8നായിരുന്നു ഗാന്ധിജിയുടെ ആഹ്വാനപ്രകാരം രാജ്യത്ത് ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത്. അന്നേ ദിവസം മുംബൈയില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മീറ്റിംഗിലാണ് ഇതിനുള്ള ആഹ്വാനം ഉണ്ടായത്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.

Thursday, August 8, 2019

വിഖ്യാത അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ വിടവാങ്ങി

അമേരിക്കന്‍ എഴുത്തുകാരിയും നൊബേല്‍, പുലിറ്റ്‌സര്‍ സമ്മാനജേത്രിയുമായ ടോണി മോറിസണ്‍ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു (5.8.2019) അന്ത്യം. 'ബിലോവ്ഡ്' എന്ന നോവലിന് 1987-ല്‍ സാഹിത്യത്തിനുള്ള പുലിറ്റ്‌സര്‍ ബഹുമതിയും 1993-ല്‍ നൊബേല്‍ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ നൊബേല്‍ നേടുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജയാണ് ടോണി മോറിസണ്‍.

Wednesday, August 7, 2019

ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇനി ഓര്‍മ്മ

ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും ബി.ജെ.പി. നേതാവുമായ സുഷമാ സ്വരാജ് (67) അന്തരിച്ചു. ചൊവ്വാഴ്ച (6.8.2019) ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ്. ഏഴുതവണ ലോക്സഭാംഗമായ സുഷമ സ്വരാജ്, 1996-ല്‍ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ.ബി. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്നു.

Friday, August 2, 2019

2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്

എന്‍ ഡി ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് 2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരം. അഞ്ചുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്.
ഏഷ്യയുടെ നോബല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസേ പുരസ്‌കാരം 1957 മുതലാണ് നല്‍കിവരുന്നത്.ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസേയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം സ്ഥാപിച്ചത്.
1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ് മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരാണ് മുമ്പ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍. പൊതുസേവനം, സാമുദായിക നേതൃത്വം, മാധ്യമപ്രവർത്തനം, സമാധാനം എന്നീ മേഖലകളിലെ സംഭാവനക്കാണ് പുരസ്കാരം നൽകുന്നത്.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers