my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Thursday, March 31, 2022

ലോകപൈതൃകസ്ഥാന പട്ടിക വലുതാകുന്നു

യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍പെട്ട സ്ഥലങ്ങളേക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ലോകത്തെ പല പ്രസിദ്ധ സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ പ്രസിദ്ധമായ പല സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ രാജ്യത്തെ ചില പുതിയ ഇടങ്ങള്‍ കൂടി പൈതൃക പട്ടികയിലേക്ക് വരുന്നു.

Living root bridge

മേഘാലയ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സ്ഥലങ്ങളാണ് ഇപ്പോള്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ ഈ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള സ്ഥലങ്ങളുടെ എണ്ണം 49 ആയി.

മേഘാലയയിലെ ലിവിങ് റൂട്ട് ബ്രിജ് (Living root bridge) ആണ് ഇതിലൊന്ന്. മേഘാലയയിലെ ഖാസി മലനിരകളിലെ വനങ്ങളില്‍ പുഴയുടെ അക്കരെയിക്കരയായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ വേരുകള്‍ പിണഞ്ഞു വളര്‍ന്നതാണ് ഈ പാലം. റബര്‍ ഫിഗ് (rubber fig) എന്നറിയപ്പെടുന്ന ശീമയാലിന്റെ വേരുകളാണ് ഇപ്രകാരം പുഴയ്ക്കു കുറുകെ പാലമായി മാറുന്നത്. വേരുകള്‍ ഇങ്ങനെ വളരാന്‍ ഗ്രാമീണര്‍ ചെറിയ ഇടപെടലുകള്‍ നടത്തും. ഇപ്പോള്‍ 70ലേറെ ഗ്രാമങ്ങളിലായി ഏകദേശം 100ലധികം പാലങ്ങളുള്ളതായിട്ടാണ് കണക്ക്. ഇവ ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങള്‍ കൂടിയാണ്.
Veerabhadra temple
ആന്ധ്രപ്രദേശിലെ ലേപാക്ഷി (Lepakshi) ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന വീരഭദ്രക്ഷേത്രം (Veerabhadra temple) ആണ് മറ്റൊരു കേന്ദ്രം. ഈ ക്ഷേത്രത്തിലെ 70 തൂണുകളുള്ള നാട്യമണ്ഡപം, ചുമര്‍ചിത്രങ്ങള്‍, നാഗലിംഗം തുടങ്ങിയവ പ്രശസ്തമാണ്. നാട്യമണ്ഡപത്തിനു നടുക്ക് നിലം തൊടാതെ നിന്ന് മേല്‍ക്കൂര താങ്ങുന്ന 12 കരിങ്കല്‍ തൂണുകള്‍ വിസ്മയക്കാഴ്ചയാണ്. ക്ഷേത്രത്തിനു സമീപം സ്ഥിത്‌ചെയ്യുന്ന 4.5 മീറ്റര്‍ ഉയരത്തിലും 8.3 മീറ്റര്‍ നീളത്തിലും ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി ശില്‍പം രാജ്യത്തെ തന്നെ ഏറ്റവും വലുതാണ്. 
കൊങ്കണ്‍ മലനിരകളില്‍ കണ്ടെത്തിയ ശിലാചിത്രങ്ങളാണ് 2022 ല്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ മറ്റൊരു വിസ്മയം.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനെസ്‌കോ (UNESCO) അഥവാ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. 1945-ലാണ് ഈ സംഘടന രൂപം കൊണ്ടത്.

Wednesday, March 30, 2022

കമ്പ്യൂട്ടര്‍ ഒരു കണ്ണാടിയാകുമ്പോള്‍... ഒരു മലയാളി വിപ്ലവം

കമ്പ്യൂട്ടറുകളെപ്പറ്റി ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് ഡെസ്‌ക്ടോപും ലാപ്‌ടോപും ടാബ്‌ലറ്റ് കമ്പ്യൂട്ടറുമൊക്കെയാണ്, അല്ലേ? ഇപ്പോഴാകട്ടെ കമ്പ്യൂട്ടറുപയോഗിച്ച് ചെയ്യാവുന്ന കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ഫോണുകളും ലഭ്യമാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയും! ഒരു കണ്ണട കയ്യിലുണ്ടായാല്‍ മതി..!

ഈ കണ്ണട പോലുള്ള ഉപകരണം ഒരു സ്മാര്‍ട് ഗ്ലാസ് ആണ്. ഇത് വികസിപ്പിച്ചതോ, ഒരു മലയാളി സംരംഭകനും! അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസ് (Milpitas) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് നിമോ പ്ലാനറ്റ് ( Nimo Planet ) എന്ന സ്ഥാപനമാണ് ഈ സ്മാര്‍ട് ഗ്ലാസിന്റെ പിന്നിലുള്ളത്.  മലപ്പുറം തിരൂര്‍ സ്വദേശി രോഹില്‍ദേവ് (Rohildev Nattukallingal) ആണ നിമോപ്ലാനറ്റിന്റെ സ്ഥാപകനും സിഇഒയും. 
Rohildev Nattukallingal
ലോകത്തെ ആദ്യത്തെ 'അള്‍ട്രാ പോര്‍ട്ടബ്ള്‍ മള്‍ട്ടി സ്‌ക്രീന്‍ കംപ്യൂട്ടര്‍' എന്ന വിശേഷണവുമായി എത്തുന്ന നിമോ സ്മാര്‍ട് ഗ്ലാസ് ഉടന്‍ വിപണിയില്‍ ലഭ്യമാകും. ഏകദേശ വില 60,000 രൂപ. ആദ്യ ഘട്ടത്തില്‍ അമേരിക്കയിലും ഇന്ത്യയിലും ലഭിക്കും. കേരളത്തില്‍ കൊച്ചിയില്‍ നിമോയുടെ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്.  
പ്രഫഷനല്‍ ഉപയോഗത്തിനുള്ള സ്മാര്‍ട്ട് ഗ്ലാസുകള്‍ വളരെ അപൂര്‍വമാണിപ്പോള്‍. ഉള്ളതിന് വലിയ വിലയുമാണ്.
നിമോ സ്മാര്‍ട് ഗ്ലാസ് ധരിച്ചാല്‍ 2 മീറ്റര്‍ അകലെ ഒരു വെര്‍ച്വല്‍ സ്‌ക്രീന്‍ തുറന്നു വരും. ബ്ലൂടൂത്ത്, വൈഫൈ, മൊബൈല്‍ ഹോട്‌സ്‌പോട് എന്നിവയുമായെല്ലാം കണക്ട് ചെയ്യാം. 90 ഗ്രാം മാത്രമാണ് ഭാരം. 6 സ്‌ക്രീനുകള്‍ വരെ കാണാം. മൗസും ബ്ലൂ ടൂത്ത് കീ പാഡും ഉപയോഗിക്കാം.  
എന്തായാലും വെയറബിള്‍ കമ്പ്യൂട്ടിംഗ് രംഗത്ത് മലയാളിത്തിളക്കത്തിനായി കാത്തിരിക്കാം.

Tuesday, March 29, 2022

തുര്‍ക്കിയില്‍ ഒരു തൂക്കുപാലം അപാരത.

തൂക്കുപാലം എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല, അല്ലേ...? നമ്മുടെ കൊച്ചുകേരളത്തിലുമുണ്ട് ചില തൂക്കുപാലങ്ങള്‍. പുനലൂര്‍, തുമ്പൂര്‍മുഴി തുടങ്ങിയവ അതില്‍ പ്രധാനികള്‍. ഇപ്പോഴെന്താ തൂക്കുപാലത്തെപ്പറ്റി പറയുന്നത് എന്നാണോ ചിന്തിക്കുന്നത്? പറയാം. ലോകത്തെ ഏറ്റവും വലിയ തൂക്കുപാലം തുര്‍ക്കിയില്‍ തുറന്നത് കഴിഞ്ഞ ദിവസമാണ്.

2022 മാര്‍ച്ച് 18ന് ടര്‍ക്കിഷ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ (Tayyip Erdogan ) പുതിയ തൂക്കുപാലം തുറന്നുകൊടുത്തപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു. ലോകത്തില്‍ ഇന്നുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ തൂക്കുപാലം ആയിരുന്നു അത്. യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്ന തുര്‍ക്കിയിലെ ഡാര്‍ഡനല്‍സ് കടലിടുക്കിനു (Dardanellse Strait) കുറുകേയാണ് ഈ പാലം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 1915 ചനക്കലെ പാലം (1915 Canakkale Bridge ) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2023 മീറ്ററാണിതിന്റെ നീളം. ഇതു നിര്‍മിക്കപ്പെട്ടതോടെ വെറും 6 മിനിറ്റുകൊണ്ട് യൂറോപ്പില്‍നിന്നും എഷ്യയിലേക്കും തിരിച്ചും കടക്കാം.
ജപ്പാനിലെ അകാഷി കൈക്യോ (Akashi Kaikyo Bridge) പാലത്തിന്റെ റെക്കോഡാണ് തുര്‍ക്കി പാലം മറികടന്നത്.

Monday, March 28, 2022

ചൂടനെ ഫോട്ടോയിലാക്കി സോളോ

സൂര്യനെ അടുത്തു കാണാന്‍ മനുഷ്യന്‍ പരിശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ശതകോടി സെല്‍ഷ്യസില്‍ വെന്തുരുകി നില്‍ക്കുന്ന ആ ചൂടന്‍ നക്ഷത്രത്തിന്റെ ഏഴയലത്ത് അടുക്കാന്‍ ആര്‍ക്കുമായില്ല. ഇപ്പോഴിതാ സൂര്യന് പരമാവധി അടുത്തെത്തി കിടിലന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നു!

ആരാണ് ഈ സാഹസം കാണിച്ചതെന്നല്ലേ? യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (European Space Agency) വികസിപ്പിച്ച ബഹിരാകാശ പേടകമായ സോളാര്‍ ഓര്‍ബിറ്റര്‍ ( Solar Orbiter)  ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്ത് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. ഈ ഓര്‍ബിറ്ററിന് സോളോ (SolO) എന്നാണ് ചെല്ലപ്പേര്. സൂര്യനെ നിരീക്ഷിക്കുന്നതിനും പഠനങ്ങള്‍ നടത്തുന്നതിനും വേണ്ടി 2020 ഫെബ്രുവരി 10നാണ് സോളോ വിക്ഷേപിക്കപ്പെട്ടത്.
2022 മാര്‍ച്ച് 7ന് സോളോ എടുത്ത സൂര്യന്റെ 25 ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും മിഴിവേറിയ സൂര്യചിത്രങ്ങളാണിവ. സോളോയില്‍ ഘടിപ്പിച്ചിരിക്കുന്ന എക്‌സ്ട്രീം അള്‍ട്രാവയലറ്റ് ഇമേജര്‍ (Extreme Ultraviolet Imager (EUI)) എന്ന സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൂര്യന്റെ പൂര്‍ണരൂപവും വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷമായ കൊറോണയും (Corona) ഒക്കെ ഈ ചിത്രത്തില്‍ പതിഞ്ഞിരിക്കുന്നു.
സോളോ സൂര്യന് അടുത്തെത്തി ചിത്രമെടുത്തു എന്നൊക്കെ പറയുമ്പോള്‍ അത് ഏകദേശം 75 ദശലക്ഷം കിലോമീറ്റര്‍ അകലെ നിന്നാണ് എന്നു കൂടി ഓര്‍ക്കണം കേട്ടോ!

Friday, March 25, 2022

ഇനി ഒളിക്കാനാവില്ല കാന്‍സറിന്.

അര്‍ബുദം അഥവാ കാന്‍സര്‍ ആധുനിക മനുഷ്യനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഒരു അസുഖമാണ്. അര്‍ബുദ ബാധ നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും. പക്ഷേ പലപ്പോഴും അസുഖബാധ വളരെ താമസിച്ചാണ് കണ്ടെത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു പുതിയ ഗവേഷണ ഫലം പുറത്തുവന്നു.

കാനഡയിലെ പ്രസിദ്ധമായ വാട്ടര്‍ലൂ സര്‍വകലാശാലയാണ് (The University of Waterloo) ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. അര്‍ബുദ കോശങ്ങളെ കൂടുതല്‍ കൃത്യതയോടെ കാലേകൂട്ടി കണ്ടെത്താനും വളര്‍ച്ച നിരീക്ഷിക്കാനും സാധിക്കുന്ന പുതിയ മാഗ്‌നറ്റിക് റെസണന്‍സ് ഇമേജിങ് (MRI) സാങ്കേതിക വിദ്യയാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്. സിന്തറ്റിക് കോറിലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിങ് (synthetic correlated diffusion imaging) എന്നണിതിന് പേര് നല്‍കിയിരിക്കുന്നത്. ഈ എംആര്‍ഐ സങ്കേതം ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതായി കാണപ്പെടുകയും അത് അവയുടെ വളര്‍ച്ച കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുകയും ചെയ്യും.  
ഈ പുതിയ സാങ്കേതിക വിദ്യ അര്‍ബുദ രോഗനിര്‍ണയത്തെയും ചികിത്സയെയും മെച്ചപ്പെടുത്തുമെന്ന് വാട്ടര്‍ലൂവിലെ സിസ്റ്റംസ് ഡിസൈന്‍ എന്‍ജിനീയറിങ് പ്രഫസര്‍ അലക്‌സാണ്ടര്‍ വോങ് ( Alexander Wong ) അഭിപ്രായപ്പെട്ടു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരായ ഇരുനൂറോളം പേരില്‍ ഈ സങ്കേതം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്തനാര്‍ബുദ രോഗികളിലും ഈ സങ്കേതം ഉപയോഗിച്ച് മികച്ച രീതിയിലുള്ള രോഗനിര്‍ണയം നടത്താന്‍ സാധിച്ചിട്ടുണ്ട്.

Thursday, March 24, 2022

ഭൂമിക്കടിയില്‍നിന്ന് പുതിയ ഊര്‍ജം!

പെട്രോളിനും ഡീസലിനും അനുദിനം വില കൂടുന്നതൊക്കെ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. പരമ്പരാഗതമായ ഇത്തരം ഊര്‍ജ്ജ സ്രോസതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ പുതിയ സ്രോതസ്സുകള്‍ നാം തേടിക്കൊണ്ടുമിരിക്കുകയാണ്. ഇപ്പോഴിതാ അത്തരമൊരു വ്യത്യസ്തമായ വാര്‍ത്ത വരുന്നു. ഭൂമിയുടെ ചൂടേറിയ അകക്കാമ്പില്‍നിന്നും അളവറ്റ ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് ക്വായിസ് (Quaise) എന്ന കമ്പനി. 2020ലാണ ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്.

Carlos Araque
സൗരോര്‍ജവും കാറ്റും പോലെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഹരിത ഊര്‍ജ വിഭവങ്ങളിലൊന്നാണ് ജിയോതെര്‍മല്‍ ഊര്‍ജ്ജം. എന്നാല്‍ ഈ രംഗത്ത് അധികം ശ്രദ്ധ ഉണ്ടായിട്ടില്ല. അതിനാവശ്യമായ സാങ്കേതിക വിദ്യകളുടെ അഭാവം തന്നെയാണിതിന് കാരണം. ഇതുവരെ ഭൂമിയില്‍ ഏറ്റവും ആഴത്തില്‍ കുഴിച്ചിട്ടുള്ളത് 12.3 കിലോമീറ്ററാണ്. വളരെ ഉയര്‍ന്ന താപനില ഉള്ള ഭൗമാന്തര്‍ഭാഗങ്ങളില്‍ തുരക്കാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ കണ്ടെത്തുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. ഇലക്ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ തരംഗങ്ങള്‍ ഉപയോഗിച്ച് ഉരുക്കിയെടുക്കുകയെന്ന പുതിയതായി പരീക്ഷിക്കപ്പെടുന്നത്. ഗെയ്റോട്രോണ്‍സ് എന്നു വിളിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായുള്ള ഇലക്ട്രോമാഗ്‌നെറ്റിക് റേഡിയേഷന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. ഇങ്ങനെ 20 കിലോമീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കാമെന്നാണ് ഈ ഗവേഷകരുടെ പ്രതീക്ഷ. ഇപ്രകാരം ഇത്രയും ആഴത്തില്‍ കുഴിയെടുക്കാനായാല്‍ വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പറ്റിയ സാഹചര്യം ഭൂമിക്കടിയില്‍ ഒരുക്കാന്‍ കഴിയുമത്രേ. 2026ല്‍ ഇതു സാധ്യമാകുമെന്നാണ് ക്വായിസ് പറയുന്നത്.

കാര്‍ലോസ് അറാക്ക് (Carlos Araque) ആണ് അമേരിക്ക ആസ്ഥാനമായ ക്വായിസ് എന്ന കമ്പനിയുടെ തലവന്‍.

Wednesday, March 23, 2022

അസാനി വരുന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ഇതിന് അസാനി (Asani) എന്നാണ് പേരിട്ടിരിക്കുന്നത്. പശ്ചിമബംഗാള്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ അതിശക്ഥമായ കാറ്റ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഇത്തവണ ശ്രീലങ്കയാണ് ഈ ചുഴലിക്കാറ്റിന് നാമകരണം നടത്തിയിരിക്കുന്നത്. അസാനി എന്നാല്‍ സിംഹള ഭാഷയില്‍ കോപം എന്നാണര്‍ത്ഥം.
ലോക കാലാവസ്ഥ സംഘടനയാണ് (World Meteorological Organisation’s (WMO)) ചുഴലിക്കാറ്റുകള്‍ക്ക് ഔദ്യോഗികമായി പേരുകള്‍ നല്‍കുന്നത്. ഇതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് റീജിയണല്‍ സെന്ററുകളുണ്ട്. അതിലൊന്നാണ് ഇന്ത്യന്‍ മീറ്റിരിയോളജിക്കല്‍ ഡിപാര്‍ട്‌മെന്റ് (IMD). അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്നതിനുള്ള അധികാരം ഇന്ത്യന്‍ മീറ്റിരിയോളജിക്കല്‍ ഡിപാര്‍ട്‌മെന്റിനാണ്. ഇന്ത്യയ്ക്കു പുറമേ,  IMD അംഗീകരിച്ചിരിക്കുന്ന മറ്റ് അംഗരാഷ്ട്രങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, മ്യാന്‍മര്‍, മാലിദ്വീപുകള്‍, ശ്രീലങ്ക, ഒമാന്‍, തായ്‌ലന്‍ഡ്, ഇറാന്‍, ഖത്തര്‍, യുഎഇ, സൗദി അറേബ്യ, യെമന്‍ എന്നിവ ചുഴലിക്കാറ്റുകളുടെ പേരുകളടങ്ങിയ ലിസ്റ്റ് തയാറാക്കുന്നു. ഇതില്‍നിന്ന് ക്രമമനുസരിച്ച് തിരഞ്ഞെടുത്ത് ചുഴലിക്കാറ്റുകള്‍ക്ക് പേരിടുകയാണ് ചെയ്യുക. ഇത്തവണ നറുക്ക് ശ്രീലങ്കയ്ക്കാണ് എന്നതുകൊണ്ടാണ് അസാനി എന്ന പേര് വന്നത്.

Monday, March 21, 2022

സി വി രാമന്‍പിള്ള ഓര്‍മയായിട്ട് ഇന്നേക്ക് നൂറുവര്‍ഷം

 
സി വി രാമന്‍പിള്ള എന്ന മലയാള സാഹിത്യകുലപതി ഓര്‍മയായിട്ട് ഇന്നേക്ക് നൂറുവര്‍ഷം തികയുന്നു. 1858 മെയ് 19-ന് തിരുവനന്തപുരത്ത് ജനിച്ച സി.വി.  1922 മാര്‍ച്ച് 21-ന് അന്തരിച്ചു. കേരള സ്‌കോട്ട് എന്ന വിളിപ്പേരില്‍ പ്രസിദ്ധനായിരുന്നു ഇദ്ദേഹം.

അദ്ദേഹത്തിന്റെ ആദ്യ നോവല്‍ മാര്‍ത്താണ്ഡവര്‍മ്മ പ്രസിദ്ധീകൃതമായിട്ട് 130 വര്‍ഷം കഴിഞ്ഞു. ഇന്നും മലയാളത്തില്‍ ഏറെ വായിക്കപ്പെടുന്ന നോവലാണിത്. മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാ, രാമരാജ ബഹദൂര്‍ എന്നീ ചരിത്ര നോവലുകളാണ് സി.വി. യുടെ പ്രധാന രചനകള്‍. ഇവ മൂന്നിനേയും ചേര്‍ത്ത് സി.വി.യുടെ ചരിത്രാഖ്യായികകള്‍ എന്ന് വിളിക്കുന്നു. ഇതിനും പുറമേ നിരവധി ഹാസ്യനാടകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.


Thursday, March 17, 2022

മഹാമാരിയെ പിടിച്ചുകെട്ടിയ തകാഹാഷി

ഇക്കഴിഞ്ഞ ഫെബ്രുവരി മാസം 17ന് ഗൂഗിള്‍ ഒരു ഡൂഡില്‍ അവതരിപ്പിച്ചു. അതൊരു ജപ്പാന്‍കാരനെ ആദരിച്ചുകൊണ്ടുള്ളതായിരുന്നു. ലോകത്തെയാകെ ഒരു മഹാമാരിയില്‍നിന്ന് രക്ഷിക്കാന്‍ കാരണക്കാരനായ ഒരു മഹാ വ്യക്തിത്വത്തിന്റെ 94-ാം ജന്മവാര്‍ഷികമായിരുന്നു അന്ന്. അദ്ദേഹമാണ് ലോകപ്രസിദ്ധ വൈറോളജിസ്റ്റായിരുന്ന ഡോ. മിച്ചിയാകി തകാഹാഷി (Dr Michiaki Takahashi). ലോകത്താദ്യമായി ചിക്കന്‍പോക്‌സിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചത് ഡോ. തകാഹാഷിയാണ്.

തന്റെ മകന് പിടിപെട്ട പകര്‍ച്ചവ്യാധിയെ ചെറുക്കാനാണ് ഡോക്ടര്‍ ഈ വാക്‌സിന്‍ വികസനത്തിന് ശ്രമങ്ങളാരംഭിച്ചത്. ഒടുവില്‍ 1974ല്‍ അദ്ദേഹം ആദ്യ ചിക്കന്‍പോക്‌സ് വാക്‌സിന്‍ വികസിപ്പിച്ചു. അതിന് ഒക (Oka) എന്നാണ് പേരിട്ടത്. പിന്നീടുള്ളത് ചരിത്രം. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ ഈ വാക്‌സിന്‍, രോഗത്തില്‍നിന്ന് രക്ഷിച്ചു. ചിക്കന്‍പോക്‌സിന് കാരണമാകുന്ന വാരിസെല്ല (Varicella) വൈറസിനെ നിര്‍വീര്യമാക്കുന്ന വാക്‌സിനാണ് ഡോ. തകാഹാഷി വികസിപ്പിച്ചത്. പിന്നീടിതിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി.
2013 ഡിസംബര്‍ 16ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.

മഞ്ഞുമലകള്‍ക്കടിയില്‍ 100 വര്‍ഷം...!

അന്റാര്‍ട്ടിക്ക എന്ന മഞ്ഞുമൂടിയ ഭൂഖണ്ഡത്തോട് എന്നും ചേര്‍ത്ത് പറയാവുന്ന പേരാണ് ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ (Ernest Shackleton) എന്നത്. 1900ന്റെ ആദ്യ പാദങ്ങള്‍ ഹീറോയിക് ഏജ് ഓഫ് അന്റാര്‍ട്ടിക് എക്‌സ്‌പ്ലൊറേഷന്‍ ( Heroic Age of Antarctic Exploration) എന്നാണറിയപ്പെടുന്നത്. അക്കാലത്തെ ഏറ്റവും പ്രമുഖനായ പര്യവേക്ഷകന്‍ ബ്രിട്ടീഷുകാരനായ ഷാക്കിള്‍ട്ടണ്‍ തന്നെയായിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തെപ്പറ്റി വീണ്ടുമോര്‍ക്കുന്നത് കടലാഴങ്ങളില്‍ എന്നോ മറഞ്ഞുപോയ ഒരു കപ്പലിന്റെ വീണ്ടെടുക്കലുമായി ബന്ധപ്പെട്ടാണ്.

1914ലാണ് സര്‍ ഏണസ്റ്റ് ഷാക്കിള്‍ട്ടണും 24 അംഗ പര്യവേക്ഷകസംഘവും കൂടി എന്‍ഡുറന്‍സ് (Endurance) എന്നു പേരിട്ട കപ്പലില്‍ അന്റാര്‍ട്ടിക മുറിച്ചു കടക്കാന്‍ പുറപ്പെട്ടത്. തടികൊണ്ടു നിര്‍മിച്ച കപ്പലായിരുന്നു എന്‍ഡുറന്‍സ്. യാത്രക്കിടയില്‍ 1915ല്‍ നിര്‍ഭാഗ്യവശാല്‍ അന്റാര്‍ട്ടിക്കയിലൊരിടത്ത് കപ്പല്‍ മഞ്ഞിലുറച്ചു തകര്‍ന്നു. ഷാക്കിള്‍ട്ടണും കൂട്ടരും അതിസാഹസികമായി കപ്പല്‍ചേതത്തെ അതിജീവിച്ചു. 1300 കിലോമീറ്ററോളം ലൈഫ് ബോട്ടിലും മറ്റും യാത്രചെയ്ത് മഞ്ഞുമൂടിയ സാഹചര്യങ്ങളെ അതിജീവിച്ച് അവര്‍ കരയ്ക്കണഞ്ഞപ്പോള്‍ അത് അന്നുവരെ മനുഷ്യരാശി കണ്ട ഏറ്റവും സാഹസിക രക്ഷപ്പെടലായി മാറി. ഷാക്കിള്‍ട്ടണും കൂട്ടരും കപ്പലിന്റെ മുങ്ങുന്ന ചിത്രമൊക്കെ എടുത്താണ് തിരിച്ചു പോന്നത്. പക്ഷെ പിന്നീട് പലരും പല ശ്രമങ്ങളും നടത്തിയെങ്കിലും ആ കപ്പല്‍ എവിടെ മുങ്ങി എന്നു കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചില്ല.
ഒടുവില്‍ 100 വര്‍ഷങ്ങള്‍ക്കിപ്പുറം അടുത്തകാലത്താണ് കപ്പലിനെ സമുദ്രത്തിനടിയില്‍ കണ്ടെത്തിയത്. സേബര്‍ടൂത്ത് (Sabertooth) എന്നു പേരായ സമുദ്രാന്തര്‍ഭാഗങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന റോബോട്ടുകള്‍ ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയത്. സമുദ്രോപരിതലത്തിന് ഏതാണ്ട് 3 കിലോമീറ്റര്‍ അടിയിലാണ് കപ്പലിന്റെ അവശേഷിപ്പുണ്ടായിരുന്നത്.
തടിയില്‍ നിര്‍മിച്ചതായിട്ടും ഇത്രയും കാലം ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ കടലിനടിയില്‍ കിടന്നിട്ടും കാര്യമായ കേടുപാടൊന്നും കപ്പലിന് ഉണ്ടായിരുന്നില്ല എന്നത് പര്യവേക്ഷകരെ അമ്പരിപ്പിച്ചു.  അന്റാര്‍ട്ടിക്കന്‍ സമുദ്രഭാഗങ്ങളില്‍ തടിഭാഗങ്ങള്‍ ദ്രവിപ്പിക്കുന്ന ചില സൂക്ഷ്മജീവികളുടെ അഭാവമായിരിക്കാം ഇതിനു കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഷാക്കിള്‍ട്ടണ് ഇതൊന്നും കാണാന്‍ സാധിച്ചില്ല. അദ്ദേഹം 1922ല്‍ മറ്റൊരു സാഹസിക യാത്രയ്ക്കിടയില്‍ കപ്പലില്‍ വച്ച് ഹൃദയാഘാതത്താല്‍ മരണമടഞ്ഞു.

Wednesday, March 16, 2022

ചെടികളുടെ അതിജീവന തന്ത്രങ്ങള്‍

ശത്രുക്കളുടെ സാമീപ്യം മനസ്സിലാക്കി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മൃഗങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട് എന്ന് നാം കേട്ടിട്ടുണ്ട്. ഇപ്രകാരം അപകടം അടുത്തുണ്ട് എന്ന് ഒരു മൃഗം തന്റെ കൂട്ടാളികളെ അറിയിക്കുന്നത് പ്രത്യേക ശബ്ദം ഉണ്ടാക്കിയോ, ഗന്ധമുള്ള സ്രവം പുറപ്പെടുവിച്ചോ ഒക്കെയാണ്. എന്നാല്‍ ഈ പ്രതിരോധ സംവിധാനം മൃഗങ്ങളുടെ കുത്തകയല്ല എന്നു തെളിയിച്ചിരിക്കുകയാണ് ഒരു  സംഘം ജാപ്പനീസ് ശാസ്ത്രജ്ഞന്മാര്‍. പരമ സാധുക്കളെന്നും ദുര്‍ബലരെന്നുമൊക്കെ നാം കരുതുന്ന ചില സസ്യങ്ങള്‍ക്കും ഇത്തരം തന്ത്രങ്ങളുണ്ടത്രേ!

ജപ്പാനിലെ ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. അറബിഡോപ്‌സിസ് താലിയാന (Arabidopsis thaliana) എന്ന ഒരു സസ്യമാണ് ഇവര്‍ പഠന വിധേയമാക്കിയത്. താരതമ്യേന ഹ്രസ്വമായ ജീവിതചക്രം ഉള്ള ഒരു സസ്യമായ ഇത് സ്യശാസ്ത്രത്തിലും ജനിതകശാസ്ത്രത്തിലും പ്രചാരമുള്ള ഒരു മാതൃകാ സസ്യമാണ്. ചെടിയുടെ ചെറിയ വലിപ്പവും ദ്രുതഗതിയിലുള്ള ജീവിതചക്രവും ഗവേഷണത്തിന് ഗുണകരമാണ്. ഇവിടെ താലിയാന എന്ന സസ്യത്തിന് അടുത്ത് ഗവേഷകര്‍ ബീറ്റാ ഓസിമന്‍ (-ocimene) എന്ന ഓര്‍ഗാനിക് സംയുക്തം പ്രയോഗിച്ചു. സാധാരണ കീടങ്ങളില്‍നിന്നും ഭീഷണിയുണ്ടാവുമ്പോള്‍ സസ്യങ്ങള്‍ അവയെക്കുറിച്ച് മറ്റു സസ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാന്‍ പുറപ്പെടുവിക്കുന്നതാണിത്. താമസിയാതെ അടുത്തുള്ള മറ്റ് സസ്യങ്ങള്‍ അപകടം തിരിച്ചറിയുകയും പ്രതിരോധ ഘടകം പുറപ്പെടുവിച്ച് രക്ഷ നേടാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് ഗവേഷകര്‍ തെളിയിച്ചത്.

Tuesday, March 15, 2022

ചൊവ്വയില്‍ പൂ വിരിഞ്ഞോ...?!

അമേരിക്കന്‍ ബഹിരാകാശ എജന്‍സിയായ നാസ ചൊവ്വ പര്യവേക്ഷണത്തിനായി അയച്ച ക്യൂരിയോസിറ്റി എന്ന റാവറിനെക്കുറിച്ച് എല്ലാവരും കേട്ടിരിക്കും.  2012ല്‍ ആണ് ക്യൂരിയോസിറ്റി ചൊവ്വയില്‍ എത്തുന്നത്. തുടര്‍ന്ന് നാസയുടെ തന്നെ പെഴ്‌സിവീയറന്‍സ് ദൗത്യത്തിന്റെ ഭാഗമായി പുതിയ റോവറും ഇന്‍ജെന്യൂയിറ്റി എന്ന ഹെലിക്കോപ്റ്ററും ചൊവ്വയിലെത്തി. അടുത്തയിടെ ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍നിന്ന് ഒരു ചിത്രമെടുത്ത് ഭൂമിയിലേക്കയച്ചു. ചിത്രമെന്തിന്റെയാണന്നല്ലേ... ഒരു പൂവിന്റെ ചിത്രം! ലോകം അമ്പരന്നു. ചൊവ്വയിലും പൂ വിരിഞ്ഞോ..?! 

 
ചൊവ്വയിലേത് വെറും പൂവായിരുന്നില്ല... പൂവിന്റെ ഘടനയില്‍ ചൊവ്വയുടെ ഉപരിതലത്തിലുള്ള ഒരു ധാതു നിക്ഷേപത്തിന്റെ ചിത്രമായിരുന്നു അത്. ഒരു സെന്റിമീറ്റര്‍ വീതിയും സ്‌പോഞ്ചിന്റ സാദൃശ്യവുമുള്ള ഈ ഘടനയാണിതിന്. ചൊവ്വയിലെ മൗണ്ട് ഷാര്‍പ്പ് (Mount Sharp/Aeolis mons) എന്നു വിളിപ്പേരുള്ള മേഖലയില്‍ നിന്നാണു ഇതിന്റെ ചിത്രം പകര്‍ത്തിയത്. ബ്ലാക്ക്‌തോണ്‍ സോള്‍ട്ട് (Blackthorn Salt) എന്നാണ് ഈ ധാതുനിക്ഷേപത്തിന് ശാസ്ത്രജ്ഞര്‍ പേര് നല്‍കിയിരിക്കുന്നത്. പ്രാചീന കാലത്തെ ജലനിക്ഷേപത്തില്‍നിന്നും അടിഞ്ഞ ധാതുനിക്ഷേപമാവാം ഇതെന്നാണ് കരുതപ്പെടുന്നത്. ക്യൂരിയോസിറ്റി റോവറിലുള്ള മാര്‍സ് ഹാന്‍ഡ് ലെന്‍സ് ഇമേജര്‍ എന്ന പ്രത്യേക കാമറ ഉപയോഗിച്ചാണു ചിത്രം പകര്‍ത്തിയത്.
ചൊവ്വയിലെ ജീവന്റെ സാന്നിധ്യം, സാധ്യത ഒക്കെയാണ് ക്യൂരിയോസിറ്റി അന്വേഷിക്കുന്നത്.




Monday, March 14, 2022

മലയാളിയുടെ ലോക സൈക്കിള്‍

ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണിത്. നമ്മുടെ രാജ്യത്തും നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ പുതു വിപ്ലവത്തില്‍ തരംഗം സൃഷ്ടിച്ചുകൊണ്ട് ഒരു മലയാളി സ്റ്റാര്‍ട്ടപ്പ് രംഗത്തെത്തിയിരിക്കുന്നു. ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ VAAN ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പുതിയ ഇലക്ട്രിക് സൈക്കിളുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാളിയായ ജിത്തു സുകുമാരന്‍ നായരാണ്  ഈ കമ്പനിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഓഫീസറും.

അര്‍ബന്‍സ്പോര്‍ട്ട്, അര്‍ബന്‍സ്പോര്‍ട്ട് പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഇലക്ട്രിക് സൈക്കിളുകള്‍ കമ്പനി പുറത്തിറക്കുന്നത്. ഇറ്റലിയില്‍ അടുത്തയിടെ നടന്ന ഒരു പ്രമുഖ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഇവ പ്രദര്‍ശിപ്പിക്കുകയും ആഗോളതലത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ സൈക്കിളുകളുടെ കോംപാക്റ്റ് അലുമിനിയം യൂണിസെക്‌സ് ഫ്രെയിമുകള്‍, സാഡില്‍, റിംസ്, ഹാന്‍ഡില്‍ബാര്‍ തുടങ്ങിയവ ഇറ്റാലിയന്‍ കമ്പനിയായ ബെനലിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് പെഡല്‍ അസിസ്റ്റ് സിസ്റ്റത്തില്‍ 250W ഹബ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍, നീക്കം ചെയ്യാവുന്ന 48 വോള്‍ട്ട് ലിഥിയം-അയണ്‍ ബാറ്ററി, 5 ഇലക്ട്രിക് ഗിയറുകള്‍ തുടങ്ങിയവയെല്ലാം ഇതിലുണ്ട്. ഒരു സ്മാര്‍ട്ട് എല്‍സിഡി ഡിസ്‌പ്ലേയും ഇതിന്റെ ആകര്‍ഷണമാണ്. 2.5 കിലോഗ്രാം ഭാരമുള്ള നീക്കം ചെയ്യാവുന്ന ബാറ്ററി ഈ സെഗ്മെന്റില്‍ ആദ്യത്തേതാണ്. ഫുള്‍ ചാര്‍ജാവാന്‍ 4 മണിക്കൂര്‍ സമയം വേണ്ടിവരും. അതിന് അര യൂണിറ്റ് വൈദ്യുതി മാത്രമേ ആവശ്യമുള്ളൂ. ഏകദേശം 4-5 രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്.സൈക്കിള്‍ ഉപയോഗിക്കുന്ന മോഡ് അനുസരിച്ച് 50 കിലോമീറ്റര്‍ മുതല്‍ 60 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്.
കൊച്ചിയിലാണ് ഈ സൈക്കിളുകള്‍ നിര്‍മിക്കുന്ന പ്ലാന്റ് എന്നതാണ് മറ്റൊരു പ്രത്യേകത. പ്ലാന്റിന് പ്രതിമാസം 2,000 സൈക്കിളുകള്‍ അസംബിള്‍ ചെയ്യാനുള്ള ശേഷിയുണ്ട്.
59,999 രൂപ മുതല്‍ 69,999 രൂപ വരെയാണ് പല വെഡലുകളുടെ ഏകദേശ വില.

Thursday, March 10, 2022

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (David Bennett) മരിച്ചു.

ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം തുന്നിപ്പിടിച്ച ഹൃദയവുമായി ജീവിച്ച അമേരിക്കക്കാരന്‍ ഡേവിഡ് ബെന്നറ്റ് (David Bennett) മരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോഴാണ് ഈ 60 വയസുകാരന്റെ അന്ത്യം.

അമേരിക്കയിലെ ബാള്‍ട്ടിമോറിലുള്ള മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലാണ് 2022 ജനുവരി 7ന് ഗുരുതര ഹൃദ്രോഗം ബാധിച്ച ബെന്നറ്റിന് പന്നിയുടെ ഹൃദയം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചത്. ലോകത്ത് ഇതാദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം വിജയകരമായത്. മെരിലാന്‍ഡ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമിന്റെ ഡയറക്ടര്‍ ഡോ. ബാര്‍ട്‌ലി ഗ്രിഫിത്തിന്റെ (Dr. Bartley Griffith) നേതൃത്വത്തിലായിരുന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ.
പന്നിഹൃദയം മനുഷ്യനില്‍ വിജയകരമായി തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത് ലോകത്താകമാനം ഹൃയത്തകരാറുള്ളവര്‍ക്ക് വലിയ പ്രതീക്ഷയേകിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

Tuesday, March 8, 2022

ട്രെയിനുകള്‍ക്കൊരു രക്ഷാ കവചം.

രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കില്‍ വരുന്നുവെന്നു കരുതുക. എന്തു സംഭവിക്കും? കൂട്ടിയിടിക്കും, അല്ലേ? എന്നാല്‍ ഇനി അങ്ങിനെയല്ല. ഒരേ ട്രാക്കില്‍ വന്നാലും ഇനി ട്രെയിനുകള്‍ കൂട്ടിയിടിക്കില്ല. പകരം ഓട്ടോമാറ്റിക്കായി ബ്രേക്കിട്ട് നില്‍ക്കും! സംഗതി നമ്മുടെ രാജ്യത്തുതന്നെയാണ്. ട്രെയിനുകളുടെ സുരക്ഷയ്ക്കായി ഇന്ത്യന്‍ റെയില്‍വേ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നു. അതിന്റെ പേരാണ് 'കവച് ' (Armour).

Train Collision Avoidance System (TCAS) എന്നാണ് ഈ സംവിധാനത്തിന്റെ സാങ്കേതിക നാമം. 2012ല്‍ വികസിപ്പിച്ചു തുടങ്ങിയ ഈ സാങ്കേതികവിദ്യ 2016ല്‍ ആണ് ആദ്യമായി പരീക്ഷിച്ചത്. സൗത്ത് സെന്‍്ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള ലിങ്കംപള്ളി - വിക്രാബാദ് സെക്ഷനിലാണ് (Lingampalli & Vikarabad) ഇപ്പോള്‍ കവച് പ്രവര്‍ത്തനക്ഷമമായിരിക്കുന്നത്. ഹൈ ഫ്രീക്വന്‍സി റേഡിയോ സിഗ്നലുകള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന കവച്, ട്രെയിനുകള്‍ ഒരേ ട്രാക്കിലെത്തിയാല്‍ സ്വയം ബ്രേക്കുകള്‍ പ്രവര്‍ത്തിപ്പിച്ച് അപകടമൊഴിവാക്കുകയാണ് ചെയ്യുക. ട്രെയിന്‍ ഓടിക്കുന്നയാള്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല എന്നര്‍ത്ഥം. ലോകത്ത് ഇന്നു നിലവിലുള്ളതില്‍ ഏറ്റവും ചെലവു കുറഞ്ഞ സാങ്കേതികവിദ്യയും ഇതു തന്നെ.

Monday, March 7, 2022

അന്താരാഷ്ട്ര ബഹിരാകാശ നിലയം വിരമിക്കാനൊരുങ്ങുന്നു!

അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ International Space Station പ്രായാധിക്യം മൂലം പ്രവര്‍ത്തനമവസാനിപ്പിക്കുന്നു. ആകെ 15 വര്‍ഷം ആയുസ്സു നിശ്ചയിച്ച് വിക്ഷേപിക്കപ്പെട്ട നിലയം ഇപ്പോള്‍ 9 വര്‍ഷത്തോളം കൂടുതല്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു. കാലപ്പഴക്കം വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിനുമുന്‍പ് പൊളിച്ചടുക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

1998 നവംബര്‍ 20 നായിരുന്നു ഐഎസ്എസ് വിക്ഷേപിക്കപ്പെട്ടത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ സാങ്കേതിക രംഗത്തെ മറ്റ് ശക്തികേന്ദ്രങ്ങളായിരുന്ന റഷ്യ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കാനഡ, ജപ്പാന്‍ എന്നിവയുമായി ചേര്‍ന്നാണ് ബഹിരാകാശ നിലയം എന്ന ആശയം വികസിപ്പിച്ചത്. 23 വര്‍ഷങ്ങളിലേറെയായി ഈ നിലയം, ദിവസം ഏതാണ്ട്. 16 തവണ എന്ന കണക്കില്‍, ഭൂമിയെ ചുറ്റിക്കറങ്ങുകയാണ്. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ വേഗത്തിലാണ് ഈ കറക്കം! ഭൗമോപരിതലത്തില്‍ നിന്നും ഏകദേശം 400 കിലോമീറ്റര്‍ അകലെയായാണ് ഇതിന്റെ സഞ്ചാരം. 73 മീറ്റര്‍ നീളവും 109 മീറ്റര്‍ വീതിയും 4,44,615 കിലോഗ്രാം ഭാരവുമുണ്ട്. നിലയത്തിന്. ഏകദേശം ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പം! ബഹിരാകാശത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മിതിയാണിത്. ഭൂമിയില്‍ നിന്നു നഗ്‌നനേത്രങ്ങള്‍ കൊണ്ട്. കാണാന്‍ കഴിയുന്ന മനുഷ്യനിര്‍മിത വസ്തുവും ഇതുതന്നെ. 19 രാജ്യങ്ങളില്‍ നിന്നായി 251 ബഹിരാകാശ യാത്രികര്‍ ഇതിവരെ നിലയത്തില്‍ അതിഥികളായി എത്തിയതായാണ് കണക്ക്. ബഹിരാകാശ ഗവേഷണങ്ങള്‍ക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള സാഹസിക യാത്രകള്‍ക്കുമൊക്കെ ഒരു താവളം എന്ന നിലയിലാണ് ഈ നിലയം പ്രവര്‍ത്തിക്കുന്നത്.

ബഹിരാകാശത്തെ വര്‍ധിച്ച ചൂടും തണുപ്പും ഒക്കെ ഏറ്റ് നിലയത്തിന്റെ വിവിധ ഘടകങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്.. കൂടാതെ നിലയത്തിന് ഊര്‍ജം നല്‍കിയിരുന്ന സോളര്‍ പാനലുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടത്രേ! പലപ്പോഴായി നടന്നിട്ടുള്ള മറ്റ് പേടകങ്ങളുടെ ഡോക്കിങ്ങും അണ്‍ഡോക്കിങ്ങും നിലയത്തിന്റെ ഘടനയ്ക്കു തന്നെ മാറ്റം വരുത്തിയിട്ടുമുണ്ട്.. ഇതുകൊണ്ടൊ

ക്കെയാണ് നിലയം റിട്ടയര്‍ ചെയ്യാറായി എന്ന് നാസ കണക്കാക്കിയത്. ഇതിനും പുറമേയാണ് മനുഷ്യനിര്‍മിതവും അല്ലാത്തതുമായ ബഹിരാകാശ വസ്തുക്കളുടെ വര്‍ധിച്ച സാന്നിധ്യം ഐഎസ്എസിനു ഭീഷണിയുയര്‍ത്തുന്നു എന്ന് കണ്ടെത്തിയത്.

പ്രവര്‍ത്തനങ്ങള്‍ ഘട്ടംഘട്ടമായി അവസാനിപ്പിച്ച് 2031 ജനുവരിയോടെ നിലയത്തെ പൂര്‍ണമായും ബഹിരാകാശത്തുവച്ചു തന്നെ തകര്‍ത്ത് ഭൂമിയിലേക്ക് തിരിച്ചുവിട്ട് പസിഫിക് സമുദ്രത്തിലെ 'പോയിന്റ് നീമോ' എന്ന് പേരിട്ടിരിക്കുന്ന ഇടത്ത് വീഴ്ത്താനാണ് പദ്ധതി. 'ബഹിരാകാശ പേടകങ്ങളുടെ ശവപ്പറമ്പ്' എന്നാണ് ഇവിടം അറിയപ്പെടുന്നത്.


Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers