ഊര്‍ജ ഉപയോഗത്തെക്കുറിച്ച് ലോകം മുഴുവന്‍ ആശങ്കപ്പെടുന്ന കാലമാണിത്. പരമ്പരാഗത ഊര്‍ജ സ്രോതസ്സുകള്‍ കൈവിട്ട് മറ്റ് വഴികള്‍ കണ്ടെത്താനുള്ള തീവ്ര ശ്രമം നടന്നുവരുന്നു. ഇതിനിടയില്‍ മറ്റൊരു വാര്‍ത്ത, ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍നിന്ന്.
ഹൈലി ഇനോവേറ്റീവ് ഫ്യുവല്‍സ് (HIF) എന്ന സ്ഥാപനം ചിലിയിലെ പുന്റ അരിനസില്‍ നിര്‍മിക്കുന്ന പുതിയ വന്‍ പ്ലാന്റ് ആണ് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. കാറ്റ്, ജലം, വാതകം എന്നിവയെ സിന്തറ്റിക് ഇന്ധനങ്ങള്‍ അഥവാ ഇഫ്യൂവല്‍ ആക്കി മാറ്റുകയാണ് ഇവിടെ ചെയ്യുക. ഇവ കാറുകള്‍ മുതല്‍ വിമാനങ്ങളില്‍ വരെ ഉപയോഗിക്കാന്‍ സാധിക്കുന്നതരത്തിലാണ് ഉല്പാദനം. പൂര്‍ണമായി കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ പദ്ധതിക്ക് 'ഹാരു ഒനി' (Haru Oni) എന്നാണ് പേരിട്ടിരിക്കുന്നത്.കാറ്റാടിയന്ത്രങ്ങളും സോളാര്‍ പാനലുകളും ഉപയോഗിച്ച് നിര്‍മിക്കുന്ന വൈദ്യുതോര്‍ജ്ജം ഉപയോഗിച്ച് ഇലക്ട്രോലിസിസ് എന്ന പ്രക്രിയയിലൂടെ ജലത്തില്‍ നിന്ന് ഹൈഡ്രജനും ഓക്സിജനും വേര്‍തിരിച്ചെടുക്കും. ഈ ഹൈഡ്രജന്‍ വാതകത്തെ അന്തരീക്ഷത്തില്‍ നിന്ന് ശേഖരിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡുമായി സംയോജിപ്പിച്ചാണ് ഇഫ്യുവല്‍ ഉണ്ടാക്കുന്നത്. മെഥനോള്‍, പ്രപെയ്ന്‍, ഗാസൊലിന്‍, ജെറ്റ്ഫ്യുവല്‍ എന്നിവയുള്‍പ്പടെ ദൈനം ദിന ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഇന്ധനങ്ങളും ഈ പ്രക്രിയയിലൂടെ നിര്‍മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇത് ക്രൂഡ് ഓയില്‍ ഉല്പന്നങ്ങള്‍ക്ക് ബദലാണ്. എന്നാല്‍ വൈദ്യുതോര്‍ജത്തിന് പകരമാവില്ല താനും.
ഇഫ്യൂവല്‍ നിര്‍മിച്ചെടുക്കുന്നതിന് വലിയ അളവില്‍ ഊര്‍ജം ആവശ്യമാണ് എന്നതാണ് നിലവില്‍ ഇതിനുണ്ടായിരുന്ന ന്യൂനത. അതുകൊണ്ടുതന്നെ ഇങ്ങനെ ഉല്പാദിപ്പിക്കുന്ന ഇന്ധനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളേക്കാള്‍ ചിലവ് കൂടും. എന്നാല്‍ പുതിയ സാങ്കേതികവിദ്യയിലൂടെ ചിലവ് ഗണ്യമായി കുറയുമെന്ന് മാത്രമല്ല, കാര്‍ബണ്‍ ഒട്ടും ഉല്‍പാദിപ്പിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. ഫലത്തില്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ പുനരുപയോഗമാണ് ഇവിടെ നടക്കുന്നത്.
No comments:
Post a Comment