ഇന്നൊരു ഹെലിക്കോപ്റ്റര്‍ വിശേഷം പറഞ്ഞോലോ...?! ഇന്ത്യന്‍ വ്യോമസേന ഒരു ഹെലിക്കോപ്റ്റര്‍ പറത്തി റെക്കോഡിട്ട വിശേഷമാണ് പറയാന്‍ പോകുന്നത്. അടുത്തയിടെ സേനയുടെ ചിനൂക്ക് ഹെലികോപ്റ്റര്‍ (Chinook) ചണ്ഡിഗഡില്‍ നിന്ന് അസമിലെ ജോര്‍ഹട്ടിലേക്ക് എങ്ങും നിര്‍ത്താതെ പറന്നാണ് ചരിത്രം കുറിച്ചത്. തുടര്‍ച്ചയായി ഏഴര മണിക്കൂറാണ് പറന്നത്. ഇതിനിടെ 1,910 കിലോമീറ്റര്‍ ദൂരവും പിന്നിട്ടു. ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍-സ്റ്റോപ്പ് ഹെലികോപ്റ്റര്‍ പറക്കലില്‍ ഇത് റെക്കോര്‍ഡ് ആയി. ചിനൂക്ക് ഹെലിക്കോപ്റ്ററിന്റെ കഴിവും ഇന്ത്യന്‍ വ്യോമസേനയുടെ പ്രവര്‍ത്തനമികവും വെളിപ്പെട്ട മുഹൂര്‍ത്തമായി അത്.
ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് അമേരിക്കയിലെ ബോയിങ് (Boeing) കമ്പനി നിര്‍മിക്കുന്ന ചിനൂക്ക്. 1962 ലാണ് ഇത് വികസിപ്പിക്കുന്നത്. ദുര്‍ഘട ഇടങ്ങളിലേക്കു സേനയ്ക്കാവശ്യമായ ഭാരമേറിയ യന്ത്രങ്ങള്‍, ആയുധങ്ങള്‍ എന്നിവ എത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. മറ്റ് കോപ്റ്ററുകളേക്കാള്‍ കൂടിയ വേഗമാണ് മറ്റൊരു പ്രത്യേകത. പരമാവധി വേഗം മണിക്കൂറില്‍ 302 കിലോമീറ്ററാണ്. 6100 മീറ്റര്‍ ഉയരത്തില്‍ വരെ പറക്കാനും സാധിക്കും.ശരാശരി 741 കിലോമീറ്റര്‍ വരെ ഒറ്റയടിക്ക് പറക്കാനാവുമെന്ന് കമ്പനി പറഞ്ഞിരിക്കുന്ന ഹെലിക്കോപ്റ്ററാണ് ഇന്ത്യന്‍ സേനയിലെ ചുണക്കുട്ടന്മാര്‍ രണ്ടായിരത്തോളം കിലോമീറ്ററുകള്‍ ഒറ്റയടിക്ക് പറത്തിയത്! 3 പൈലറ്റുമാര്‍ക്കും 35 വരെ സൈനികര്‍ക്കും ഒരേസമയം സഞ്ചരിക്കാം. പുറമേ 10,886 കിലോഗ്രാം വരെ ഭാരവും വഹിക്കും.
ഏതായാലും ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊരു ബിഗ് സല്യൂട്ട്!
No comments:
Post a Comment