പരമ്പരാഗത ഊര്‍ജ സ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത നാം മുന്‍പും ചര്‍ച്ച ചെയ്തതാണ്. മറ്റ് സ്രോതസ്സുകളേപ്പറ്റി ലോകമെമ്പാടും ഗവേഷകര്‍ കാര്യമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതി സൗഹൃദ ഊര്‍ജ സ്രോതസ്സായി ഗണിക്കപ്പെടുന്ന ഹൈഡ്രജന്‍ ആണ് ഇത്തരം ഗവേഷണങ്ങളുടെ ഒരു ശ്രദ്ധേകേന്ദ്രം.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ ഹൈഡ്രജന്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ഇന്ത്യാ ലിമിറ്റഡ് (Oil India Limited) ആണ് ഈ പദ്ധതിയുടെ പിന്നില്‍. അസമിലെ ജോര്‍ഹത് (Jorhat) എന്ന സ്ഥലത്താണ് പുതിയ പരീക്ഷണ പദ്ധതി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ഇപ്പോള്‍ ഓയില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള സൗരോര്‍ജ പ്ലാന്റിലെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാണ് ഹൈഡ്രജന്‍ ഉല്പാദനം നടത്തുന്നത്. ദിവസം 10 കിലോഗ്രാം മാത്രമാണ് തുടക്കത്തിലുള്ള ഉല്പാദനം. ഇത് പടിപടിയായി ഉയര്‍ത്തും. ഇവിടെ ഉല്പാദിപ്പിക്കുന്ന ഗ്രീന്‍ ഹൈഡ്രജന്‍ പ്രകൃതിവാതകവുമായി കൂട്ടിക്കലര്‍ത്തി കമേഴ്‌സ്യല്‍ വാഹനങ്ങളിലടക്കം ഇന്ധനമായി ഉപയോഗപ്പെടുത്താം എന്നാണ് ഓയില്‍ ഇന്ത്യ കരുതുന്നത്. ഇതിനായി ഗുവാഹതി ഐഐറ്റിയുമായി ചേര്‍ന്ന് ഗവേഷണങ്ങള്‍ പുരോഗമിക്കുകയാണ്.ഈ ബ്ലെന്‍ഡഡ് ഇന്ധനം വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അവസരത്തില്‍ ഹെഡ്രജന്‍ കത്തുമ്പോള്‍ കാര്‍ബണ്‍ ഡെഓക്‌സൈഡ് പുറപ്പെടുവിക്കുന്നില്ല എന്നതാണ് ഇതിന്റെ പാരിസ്ഥിതിക നേട്ടം. ഗതാഗതത്തില്‍ മാത്രമല്ല വ്യവസായങ്ങളിലും ഊര്‍ജോല്പാദന കേന്ദ്രങ്ങളിലും ഒക്കെ ഇത് വ്യാപകമാക്കുന്ന കാര്യം പരിഗണനയിലാണ്.