my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Wednesday, September 30, 2015

ഐഎന്‍എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.



ഇന്ത്യന്‍ നാവികസേനയ്ക്കായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

പേരില്‍ കൊച്ചിയുണ്ടെങ്കിലും മുംബൈയിലെ മാസാഗോണ്‍ ഡോക്ട്‌സ് ലിമിറ്റഡ് ആണ് നിര്‍മ്മാണം നിര്‍വഹിച്ചത്. ആധുനിക സാങ്കേതികവിദ്യകളും പടക്കോപ്പുകളും എല്ലാം അണിചേര്‍ത്തിരിക്കുന്ന ഈ യുദ്ധക്കപ്പല്‍ നാവികസേനയുടെ പത്താമത്തെ ഡിസ്‌ട്രോയര്‍ കപ്പലാണ്.

Tuesday, September 29, 2015

കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു.

കണ്ടല്‍ക്കാടുകളുടെ കൂട്ടുകാരന്‍ കല്ലേന്‍ പൊക്കുടന്‍ ഓര്‍മ്മയായി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹത്തിന് 78 വയസ്സായിരുന്നു.

കേരളത്തിലുടനീളം കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിച്ച പൊക്കുടന്‍ കണ്ടലിന്റെ പ്രാധാന്യം അറിയിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. പൊക്കുടന്റെ ജീവിതത്തെ അധികരിച്ച് രചിക്കപ്പെട്ട 'കണ്ടല്‍ ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം' എന്ന കൃതി പ്രശസ്തമാണ്. എഴുത്തിനും പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര പുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം തുടങ്ങിയവ അവയില്‍ പ്രമുഖമായവയാണ്. 

പാപിലിയോ ബുദ്ധ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. താഹ മാടായി രചിച്ച പൊക്കുടന്‍ എഴുതാത്ത ആത്മകഥ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നേര്‍ പകര്‍പ്പായി.

1937ല്‍ കണ്ണൂര്‍ ഏഴോംമൂലയിലെ ഇടുക്കില്‍ത്തറയിലാണ് പൊക്കുടന്‍ ജനിച്ചത്. അരിങ്ങളയന്‍ ഗോവിന്ദന്‍ പറോട്ടി പിതാവ്, കല്ലേന്‍ വെള്ളച്ചി മാതാവും.

Monday, September 28, 2015

പ്രപഞ്ചത്തിലേക്കൊരു ഇന്ത്യന്‍ കണ്ണ് - ആസ്‌ട്രോസാറ്റ്

ഇന്ത്യയുടെ ആദ്യ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് പിഎസ്എല്‍വി-സി 30 റോക്കറ്റിലായിരുന്നു വിക്ഷേപണം.


നാസയുടെ ഹബിള്‍ ടെലിസ്‌കോപിന് സമാനമായ നിരീക്ഷണ ഉപഗ്രഹമാണ് ആസ്‌ട്രോസാറ്റ്. 1513 കാലോഗ്രാം ഭാരം. 'പ്രപഞ്ചത്തിലേക്ക് ഇന്ത്യ തുറന്നു വയ്ക്കുന്ന കണ്ണ്' എന്നാണ് ഐഎസ്ആര്‍ഒ ഈ പേടകത്തെ വിശേഷിപ്പിക്കുന്നത്. വിവിധ തരംഗദൈര്‍ഘ്യങ്ങളിലുള്ള സിഗ്നലുകള്‍ ഉപയോഗിച്ച് നക്ഷത്രങ്ങളെക്കുറിച്ചും അവയിലെ ഊര്‍ജോല്‍പാദന ത്തെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചുമൊക്കെ പഠിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള നിയര്‍ ഇക്വറ്റോറിയല്‍ ഭ്രമണപഥത്തിലാണ് ഉപഗ്രഹം ചലിക്കുക. അഞ്ച് വര്‍ഷമാണ് ഈ പേടകത്തിന് ആയുസ്സ് പ്രതീക്ഷിക്കുന്നത്. 
അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ് (UVIT), ലാര്‍ജ് ഏരിയ എക്‌സ്-റേ പ്രൊപോഷണല്‍ കൗണ്ടര്‍ (LAXPC), സോഫ്റ്റ് എക്‌സ്-റേ ടെലിസ്‌കോപ് (SXT), കാഡ്മിയം സിങ്ക് ടെല്യുറൈഡ് ഇമേജര്‍ (CZTI), സ്‌കാനിംഗ് സ്‌കൈ മോനിറ്റര്‍ (SSM) എന്നീ സംവിധാനങ്ങള്‍ ഈ സ്‌പേസ് ഒബ്‌സര്‍വേറ്ററിയിലുള്‍ ക്കൊള്ളിച്ചിട്ടുണ്ട്‌. മറ്റ് സ്‌പേസ് ഒബ്‌സര്‍വേറ്ററികളില്‍നിന്ന് വ്യത്യസ്തമായി വിവിധ തരംഗ ദൈര്‍ഘ്യമുള്ള രശ്മികളെ പഠനവിധേയമാക്കാന്‍ ആസ്‌ട്രോസാറ്റിന് കഴിയും.
ആസ്‌ട്രോസാറ്റിനൊപ്പം ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളും അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും ഇന്ത്യ ബഹിരാകാശത്തെത്തിച്ചു.

Friday, September 25, 2015

ഇന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനത്ത്!

ലോകമെങ്ങുമുള്ള മിടുക്കരെ പിന്നിലാക്കി ഒരിന്ത്യന്‍ പെണ്‍കുട്ടി ഗൂഗിള്‍ സയന്‍സ് ഫെയറില്‍ ഒന്നാം സ്ഥാനത്ത്! ഒഡീഷക്കാരി ശ്രീപദ ശ്രീസായി ലളിത പ്രസീദയാണ് ആ മിടുക്കി. 

വെറും 13 വയസ്സുകാരിയാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് അറിയുമ്പോഴാണ് നേട്ടത്തിന്റെ മാറ്റു കൂടുന്നത്. 10, 000 ഡോളര്‍ സമ്മാനത്തുക ലഭിക്കും. ചോളക്കതിര്‍ കൊണ്ട് ഫാക്ടറിയിലെയും മറ്റും മലിനജലം ശുചീകരിക്കുന്ന വിദ്യയാണ് ഈ മിടുക്കിയെ സമ്മാനാര്‍ഹയാക്കിയത്. ഉപയോഗശൂന്യമായ ചോളക്കതിര്‍ ഉപയോഗിച്ച് 70 ശതമാനം വരെ മലിനജലം ശുദ്ധീകരിച്ചെടുക്കാമെന്ന് തെളിയിച്ചു ശ്രീപ്രദ. 
ഒഡീഷയിലെ കോറാഡ്പൂര്‍ ജില്ലയിലെ ഡിപിഎസ് ദമാന്‍ ജോദി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കുട്ടി.

Thursday, September 24, 2015

മംഗള്‍യാന്‍ ചൊവ്വയെക്കണ്ടിട്ട് ഒരു വര്‍ഷം...!

ഇന്ത്യയുടെ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി.
2014 സെപ്റ്റംബര്‍ 24നായിരുന്നു മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തിയത്. അന്നാണ് റഷ്യയ്ക്കും, അമേരിക്കയ്ക്കും, യൂറോപ്യന്‍ യൂണിയനും ശേഷം നമ്മുടെ രാജ്യം അഭിമാനകരമായ ആ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബഹിരാകാശ ശക്തിയായത്. അതും ആദ്യ ശ്രമത്തില്‍ത്തന്നെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ രാജ്യവും നമ്മള്‍ തന്നെ.
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചില ചിത്രങ്ങള്‍
മംഗള്‍യാന്‍ എടുത്ത ചെവ്വയുടെ ചിത്രങ്ങളടങ്ങിയ ഒരു അറ്റ്‌ലസ് ഇതിനോടനുബന്ധിച്ച് ഐഎസ്ആര്‍ഒ പുറത്തിറക്കി. 2013 നവംബര്‍ 5നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് മംഗള്‍യാന്‍ വിക്ഷേപിക്കപ്പെട്ടത്. ആദ്യം ആറുമാസം മാത്രം കാലാവധി കല്‍പ്പിക്കപ്പെട്ടിരിക്കുന്ന മംഗള്‍യാന്‍ ഇപ്പോഴും പൂര്‍ണ അരോഗ്യത്തോടെയാണുള്ളതെന്നും ഇനിയും പല വര്‍ഷങ്ങലിലേക്ക് പ്രവര്‍ത്തിക്കാനുള്ള ഇന്ധനം വാഹനത്തില്‍ ബാക്കിയുണ്ടെന്നും ഐഎസ്ആര്‍ഒ  അറിയിച്ചു.

Thursday, September 17, 2015

സ്വദേശാഭിമാനി പുരസ്‌കാരം കെ.എം.റോയിക്ക്

സംസ്ഥാന സര്‍ക്കാരിന്റെ സ്വദേശാഭിമാനി - കേസരി മാധ്യമ പുരസ്‌കാരം പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കെ.എം. റോയിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. 

എഡിറ്റര്‍, റിപ്പോര്‍ട്ടര്‍, കോളമിസ്റ്റ്, ജേണലിസം അധ്യാപകന്‍ തുടങ്ങി വിവിധ നിലകളിലെ മികവിനെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.
1963ല്‍ കേരളപ്രകാശം പത്രത്തിലൂടെ മാധ്യമജീവിതമാരംഭിച്ച റോയി കേരളഭൂഷണം പത്രാധിപസമിതിയംഗമായി. മനോരാജ്യം വാരികയുടെ എഡിറ്റര്‍, ഇക്കണോമിക് ടൈംസ്, ദ ഹിന്ദു, യുഎന്‍ഐ തുടങ്ങിയവയുടെ റിപ്പോര്‍ട്ടര്‍ തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചു. പിന്നീട് മംഗളം പത്രത്തിന്റെ ജനറല്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഒമ്പതോളം കൃതികളുടെ കര്‍ത്താവാണ്.
പത്രപ്രവര്‍ത്തന രംഗത്തെ മികവിന് മുട്ടത്തു വര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ് തുടങ്ങി മറ്റു പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എറണാകുളം സ്വദേശിയാണ്.

Tuesday, September 15, 2015

സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ബോസിനു കീഴില്‍...!

രാജ്യമൊട്ടാകെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി മുതല്‍ പുതിയൊരു ബോസ് വരുന്നു...! ആരാണീ ബോസെന്നല്ലേ...? 

ഇതൊരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ് അഥവാ സി-ഡാക് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം. ബോസ് എന്നാല്‍ ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ് എന്നതിന്റെ ചുരുക്കപ്പേരാണ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റം സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.


സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി വികസിപ്പിച്ചിട്ടുള്ള ബോസ് ഉപയോരിക്കുന്നതിലൂടെ വിന്‍ഡോസ് പോലുള്ള പണംമുടക്കുള്ള സോഫ്റ്റ് വെയറുകളുടെ ഉപയോഗം കുറയ്ക്കുകയും അതുവഴി വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. 2007ല്‍ ആദ്യമായി വികസിപ്പിച്ച ബോസ് പോരായ്മകളെല്ലാം പരിഹരിച്ചാണ് ഇപ്പോള്‍ വരുന്നത്.

സര്‍ക്കാര്‍ സിസ്റ്റങ്ങളില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം തടയുകയും ഡാറ്റാ ചോര്‍ച്ച പൂര്‍ണമായും ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള സംവിധാനങ്ങളോടുകൂടിയാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റമെത്തുന്നത്.


Monday, September 14, 2015

പത്താമത് ലോക ഹിന്ദി കോണ്‍ഫറന്‍സ് ഭോപ്പാലില്‍...

'Hindi Jagat-Vistar and Sambhavnaye' എന്ന തീമുമായി പത്താമത് ലോക ഹിന്ദി കോണ്‍ഫറന്‍സ് മധ്യപ്രദേശിലെ ഭോപ്പാലില്‍ വച്ചു നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം നിര്‍വഹിച്ചു.


32 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹിന്ദി കോണ്‍ഫറന്‍സിന് രാജ്യം ആതിഥ്യമരുളുന്നത്. മധ്യപ്രദേശ് സര്‍ക്കാരും കേന്ദ്ര വിദേശകാര്യവകുപ്പും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. 39 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.
1975ല്‍ നാഗ്പൂരില്‍ വച്ചായിരുന്നു ആദ്യ ഹിന്ദി കോണ്‍ഫറന്‍സ്. അതേത്തുടര്‍ന്ന് എല്ലാ വര്‍ഷവും ജനുവരി 10ന് ലോക ഹിന്ദി ദിനമായി ആചരിച്ചു തുടങ്ങി.

സിംഗപ്പൂരില്‍ ലീ സിയന്‍ ലൂംഗ് വീണ്ടും അധികാരത്തില്‍

അടുത്തയിടെ നടന്ന സിംഗപൂര്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗ് (Lee Hsien Loong) നയിക്കുന്ന പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി (PAP) വന്‍ വിജയം നേടി. 89 അംഗ പാര്‍ലമെന്റില്‍ 83 സീറ്റുകളും നേടിയാണ് പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയത്. മുഖ്യ എതിരാളിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് 6 സീറ്റുകള്‍ മാത്രമാണ് നേടാനായത്.


സിംഗപൂരിന്റെ സ്ഥാപകനും ആദ്യ പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യുവിന്റെ മൂത്ത പുത്രനാണ് ലീ സിയന്‍. പിഎപി ഇത് തുടര്‍ച്ചയായ 14-ാം തവണയാണ് അധികാരത്തിലെത്തുന്നത്.

യു.എസ്. ഓപ്പണിലും ഇന്ത്യന്‍ വസന്തം...!


പ്രമുഖ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യു. എസ്. ഓപ്പണിലും ഈ വര്‍ഷം ഇന്ത്യയ്ക്ക് തിളക്കം. 
മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ് സ്വിസ് താരം മാര്‍ടിന ഹിന്‍ജിസുമൊത്ത് വിംബിള്‍ഡണിലെ വിജയം ഇവിടെയും ആവര്‍ത്തിച്ചു. ഇന്ത്യയുടെ സാനിയ മിര്‍സയും മാര്‍ടിന ഹിന്‍ജിസും ചേര്‍ന്ന ലോക ഒന്നാം നമ്പര്‍ ജോഡി വനിതകളുടെ ഡബിള്‍സില്‍ കിരീടം നേടി. വിംബിള്‍ഡണിലും ഇവര്‍ തന്നെയായിരുന്നു വിജയികള്‍. 
ജോകോവിച്ചും പെന്നേറ്റയും ട്രോഫികളുമായി
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോകോവിച്ച് റോജര്‍ ഫെഡററെ തോല്പിച്ച് കിരീടത്തില്‍ മുത്തമിട്ടു. ഇറ്റാലിയന്‍ താരങ്ങള്‍ തമ്മില്‍ മത്സരിച്ച വനിതാ ഫൈനലില്‍ റോബര്‍ട്ട വിന്‍ചിയെ പരാജയപ്പെടുത്തി ഫ്‌ളാ
വിയ പെന്നേറ്റ കിരീടം നേടി. 





കലാമണ്ഡലം സത്യഭാമ അന്തരിച്ചു.


പ്രശസ്ത മോഹിനിയാട്ടം കലാകാരിയായിരുന്ന കലാമണ്ഡലം സത്യഭാമ അന്തരിച്ചു. 77 വയസ്സായിരുന്നു. 


1937 ല്‍ പാലക്കാട് ജില്ലയിലെ ഷൊര്‍ണൂരാണ് സത്യഭാമ ജനിച്ചത്. ചെറു പ്രായത്തില്‍ തന്നെ ശാസ്ത്രീയ നൃത്തപഠനം ആരംഭിച്ചു. കലാമണ്ഡലത്തില്‍ പഠനം നടത്തിയ സത്യഭാമ പിന്നീട് അവിടത്തെ പ്രിന്‍സിപ്പലായി.
2014ല്‍ പദ്മശ്രീ, 1976ല്‍ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, 2005ല്‍ കേരള സര്‍ക്കാരിന്റെ നൃത്ത നാട്യ പുരസ്‌കാരം, 1988ല്‍ കലാമണ്ഡലം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ നേടിയിട്ടുണ്ട്. 


സുപ്രസിദ്ധ കഥകളി കലാകാരനായിരുന്ന അന്തരിച്ച കലാമണ്ഡലം പദ്മനാഭന്‍ നായരായിരുന്നു ഭര്‍ത്താവ്.

Thursday, September 10, 2015

ഡി.ആര്‍.ഡി.ഒ.യ്ക്ക് വനിതാ സാരഥി

രാജ്യത്തിന്റെ ഏറ്റവും ഉന്നതമായ പ്രതിരോധ ഗവേഷണസ്ഥാപനത്തിന്റെ തലപ്പത്ത് ഇനി മുതല്‍ ആദ്യമായൊരു വനിതയെത്തിയിരിക്കുന്നു. ഡിഫന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (DRDO) ഡയറക്ടര്‍ ജനറലായി ശ്രീമതി. ജെ. മഞ്ജുള നിയമിതയായതോടെയാണിത്.  


നിലവില്‍ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. കെ. ഡി. നായക് പിരിയുന്ന ഒഴിവിലേക്കാണ് ഇവരെത്തുന്നത്. ഡി.ആര്‍.ഡി.ഒ. യുടെ ഉപസ്ഥാപനമായ ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റിന്റെ (DARE) ഡയറക്ടറായിരുന്നു ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറായ ശ്രീമതി മഞ്ജുഷ ഇതുവരെ. 
ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച പല പ്രതിരോധ ഉപകരണങ്ങള്‍ക്കു പിന്നിലും ശ്രീമതി മഞ്ജുഷയുടെ കരസ്പര്‍ശമുണ്ടായിരുന്നു. നിരവധി പുരസ്‌കാരങ്ങളും പ്രാഗത്ഭ്യം തെളിയിച്ച ഈ ശാസ്ത്രപ്രതിഭയെ തേടിയെത്തിയിട്ടുണ്ട്‌.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers