സാധാരണ നാം കാണുന്ന റോഡ് നിര്‍മാണങ്ങളൊക്കെ ഒരുപാട് ദിവസങ്ങളെടുത്താണ് പൂര്‍ത്തീകരിക്കാറുള്ളത്, അല്ലേ? 75 കിലോമീറ്റര്‍ നീളമുള്ള ഒരു റോഡ് 5 ദിവസം കൊണ്ട് പണിതീര്‍ത്തു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അല്പം പ്രയാസമാണ്. എന്നാല്‍ അത്തരത്തിലൊരു റോഡ് നിര്‍മാണം ഇപ്പോള്‍ ലോക റെക്കോഡ് നേടിയിരിക്കുകയാണ്.
ആന്ധ്രാപ്രദേശിലെ അമരാവതിയും (Amaravati) മഹാരാഷ്ട്രയിലെ അകോലയും (Akola) തമ്മില്‍ ബന്ധിപ്പിക്കുന്ന എന്‍എച്ച് 53ന്റെ (NH 53) സിംഗിള്‍ ലെയ്ന്‍ റോഡാണ് ദേശീയപാത അതോറിറ്റിയും (NHAI) കരാര്‍ ഏറ്റെടുത്ത കമ്പനിയും ചേര്‍ന്ന് മിന്നല്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. രാജ്പഥ് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് നിര്‍മാണ കരാര്‍ എടുത്തത്. കൃത്യമായി പറഞ്ഞാല്‍ 105 മണിക്കൂറും 33 മിനിറ്റുമെടുത്താണ് എന്‍എച്ച്എഐ റോഡ് പണിതത്. എന്‍ജിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും സര്‍വേയര്‍മാരുമായി 800 ജീവനക്കാരും 720 കരാര്‍ തൊഴിലാളികളും മൂന്നു ഷിഫ്റ്റില്‍ പണിയെടുത്താണ് ഈ നേട്ടം കരസ്ഥമാക്കിയത്. 9 മീറ്റര്‍ വീതിയിലാണ് റോഡ് പണി തീര്‍ത്തത്. 34,000 ടണ്‍ ബിറ്റുമിന്‍ നിര്‍മാണത്തിന് ഉപയോഗിച്ചു.മുന്‍പ് ഖത്തറിലെ ദോഹയില്‍ 25.275 കി.മീ. നീളമുള്ള റോഡ് പണിത റെക്കോര്‍ഡാണ് എന്‍എച്ച്എഐ പഴങ്കഥയാക്കിയത്. ഖത്തര്‍ സര്‍ക്കാര്‍ ഏജന്‍സിയായ അഷ്ഘന്‍ ആണ് 10 ദിവസം കൊണ്ട് റോഡ് പണിതത്. ആ റോഡിന് 4.5 മീറ്റര്‍ മാത്രമാണ് വീതി.
No comments:
Post a Comment