my school

subjects


Malayalam

English

Hindi

Social science

Physics

Chemistry

Biology

Maths

IT

Thursday, March 31, 2022

ലോകപൈതൃകസ്ഥാന പട്ടിക വലുതാകുന്നു

യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍പെട്ട സ്ഥലങ്ങളേക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. ലോകത്തെ പല പ്രസിദ്ധ സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെടുത്തി സംരക്ഷിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ പ്രസിദ്ധമായ പല സ്ഥലങ്ങളും ഈ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ രാജ്യത്തെ ചില പുതിയ ഇടങ്ങള്‍ കൂടി പൈതൃക പട്ടികയിലേക്ക് വരുന്നു.

Living root bridge

മേഘാലയ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഓരോ സ്ഥലങ്ങളാണ് ഇപ്പോള്‍ പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതോടെ ഈ ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള സ്ഥലങ്ങളുടെ എണ്ണം 49 ആയി.

മേഘാലയയിലെ ലിവിങ് റൂട്ട് ബ്രിജ് (Living root bridge) ആണ് ഇതിലൊന്ന്. മേഘാലയയിലെ ഖാസി മലനിരകളിലെ വനങ്ങളില്‍ പുഴയുടെ അക്കരെയിക്കരയായി നില്‍ക്കുന്ന വൃക്ഷങ്ങളുടെ വേരുകള്‍ പിണഞ്ഞു വളര്‍ന്നതാണ് ഈ പാലം. റബര്‍ ഫിഗ് (rubber fig) എന്നറിയപ്പെടുന്ന ശീമയാലിന്റെ വേരുകളാണ് ഇപ്രകാരം പുഴയ്ക്കു കുറുകെ പാലമായി മാറുന്നത്. വേരുകള്‍ ഇങ്ങനെ വളരാന്‍ ഗ്രാമീണര്‍ ചെറിയ ഇടപെടലുകള്‍ നടത്തും. ഇപ്പോള്‍ 70ലേറെ ഗ്രാമങ്ങളിലായി ഏകദേശം 100ലധികം പാലങ്ങളുള്ളതായിട്ടാണ് കണക്ക്. ഇവ ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങള്‍ കൂടിയാണ്.
Veerabhadra temple
ആന്ധ്രപ്രദേശിലെ ലേപാക്ഷി (Lepakshi) ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന വീരഭദ്രക്ഷേത്രം (Veerabhadra temple) ആണ് മറ്റൊരു കേന്ദ്രം. ഈ ക്ഷേത്രത്തിലെ 70 തൂണുകളുള്ള നാട്യമണ്ഡപം, ചുമര്‍ചിത്രങ്ങള്‍, നാഗലിംഗം തുടങ്ങിയവ പ്രശസ്തമാണ്. നാട്യമണ്ഡപത്തിനു നടുക്ക് നിലം തൊടാതെ നിന്ന് മേല്‍ക്കൂര താങ്ങുന്ന 12 കരിങ്കല്‍ തൂണുകള്‍ വിസ്മയക്കാഴ്ചയാണ്. ക്ഷേത്രത്തിനു സമീപം സ്ഥിത്‌ചെയ്യുന്ന 4.5 മീറ്റര്‍ ഉയരത്തിലും 8.3 മീറ്റര്‍ നീളത്തിലും ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി ശില്‍പം രാജ്യത്തെ തന്നെ ഏറ്റവും വലുതാണ്. 
കൊങ്കണ്‍ മലനിരകളില്‍ കണ്ടെത്തിയ ശിലാചിത്രങ്ങളാണ് 2022 ല്‍ യുനെസ്‌കോ പൈതൃക പട്ടികയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ മറ്റൊരു വിസ്മയം.
ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുനെസ്‌കോ (UNESCO) അഥവാ യുണൈറ്റഡ് നേഷന്‍സ് എജ്യുക്കേഷണല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍. 1945-ലാണ് ഈ സംഘടന രൂപം കൊണ്ടത്.

Wednesday, March 30, 2022

കമ്പ്യൂട്ടര്‍ ഒരു കണ്ണാടിയാകുമ്പോള്‍... ഒരു മലയാളി വിപ്ലവം

കമ്പ്യൂട്ടറുകളെപ്പറ്റി ആലോചിക്കുമ്പോള്‍ നമ്മുടെ മനസ്സിലെത്തുന്നത് ഡെസ്‌ക്ടോപും ലാപ്‌ടോപും ടാബ്‌ലറ്റ് കമ്പ്യൂട്ടറുമൊക്കെയാണ്, അല്ലേ? ഇപ്പോഴാകട്ടെ കമ്പ്യൂട്ടറുപയോഗിച്ച് ചെയ്യാവുന്ന കുറേക്കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള മൊബൈല്‍ ഫോണുകളും ലഭ്യമാണ്. എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ ലോകത്ത് എവിടെയിരുന്നും കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയും! ഒരു കണ്ണട കയ്യിലുണ്ടായാല്‍ മതി..!

ഈ കണ്ണട പോലുള്ള ഉപകരണം ഒരു സ്മാര്‍ട് ഗ്ലാസ് ആണ്. ഇത് വികസിപ്പിച്ചതോ, ഒരു മലയാളി സംരംഭകനും! അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റാസ് (Milpitas) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് നിമോ പ്ലാനറ്റ് ( Nimo Planet ) എന്ന സ്ഥാപനമാണ് ഈ സ്മാര്‍ട് ഗ്ലാസിന്റെ പിന്നിലുള്ളത്.  മലപ്പുറം തിരൂര്‍ സ്വദേശി രോഹില്‍ദേവ് (Rohildev Nattukallingal) ആണ നിമോപ്ലാനറ്റിന്റെ സ്ഥാപകനും സിഇഒയും. 
Rohildev Nattukallingal
ലോകത്തെ ആദ്യത്തെ 'അള്‍ട്രാ പോര്‍ട്ടബ്ള്‍ മള്‍ട്ടി സ്‌ക്രീന്‍ കംപ്യൂട്ടര്‍' എന്ന വിശേഷണവുമായി എത്തുന്ന നിമോ സ്മാര്‍ട് ഗ്ലാസ് ഉടന്‍ വിപണിയില്‍ ലഭ്യമാകും. ഏകദേശ വില 60,000 രൂപ. ആദ്യ ഘട്ടത്തില്‍ അമേരിക്കയിലും ഇന്ത്യയിലും ലഭിക്കും. കേരളത്തില്‍ കൊച്ചിയില്‍ നിമോയുടെ ഒരു ടീം പ്രവര്‍ത്തിക്കുന്നുണ്ട്.  
പ്രഫഷനല്‍ ഉപയോഗത്തിനുള്ള സ്മാര്‍ട്ട് ഗ്ലാസുകള്‍ വളരെ അപൂര്‍വമാണിപ്പോള്‍. ഉള്ളതിന് വലിയ വിലയുമാണ്.
നിമോ സ്മാര്‍ട് ഗ്ലാസ് ധരിച്ചാല്‍ 2 മീറ്റര്‍ അകലെ ഒരു വെര്‍ച്വല്‍ സ്‌ക്രീന്‍ തുറന്നു വരും. ബ്ലൂടൂത്ത്, വൈഫൈ, മൊബൈല്‍ ഹോട്‌സ്‌പോട് എന്നിവയുമായെല്ലാം കണക്ട് ചെയ്യാം. 90 ഗ്രാം മാത്രമാണ് ഭാരം. 6 സ്‌ക്രീനുകള്‍ വരെ കാണാം. മൗസും ബ്ലൂ ടൂത്ത് കീ പാഡും ഉപയോഗിക്കാം.  
എന്തായാലും വെയറബിള്‍ കമ്പ്യൂട്ടിംഗ് രംഗത്ത് മലയാളിത്തിളക്കത്തിനായി കാത്തിരിക്കാം.

Tuesday, March 29, 2022

തുര്‍ക്കിയില്‍ ഒരു തൂക്കുപാലം അപാരത.

തൂക്കുപാലം എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല, അല്ലേ...? നമ്മുടെ കൊച്ചുകേരളത്തിലുമുണ്ട് ചില തൂക്കുപാലങ്ങള്‍. പുനലൂര്‍, തുമ്പൂര്‍മുഴി തുടങ്ങിയവ അതില്‍ പ്രധാനികള്‍. ഇപ്പോഴെന്താ തൂക്കുപാലത്തെപ്പറ്റി പറയുന്നത് എന്നാണോ ചിന്തിക്കുന്നത്? പറയാം. ലോകത്തെ ഏറ്റവും വലിയ തൂക്കുപാലം തുര്‍ക്കിയില്‍ തുറന്നത് കഴിഞ്ഞ ദിവസമാണ്.

2022 മാര്‍ച്ച് 18ന് ടര്‍ക്കിഷ് പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ (Tayyip Erdogan ) പുതിയ തൂക്കുപാലം തുറന്നുകൊടുത്തപ്പോള്‍ ചരിത്രം പിറക്കുകയായിരുന്നു. ലോകത്തില്‍ ഇന്നുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ തൂക്കുപാലം ആയിരുന്നു അത്. യൂറോപ്പിനെയും ഏഷ്യയെയും വേര്‍തിരിക്കുന്ന തുര്‍ക്കിയിലെ ഡാര്‍ഡനല്‍സ് കടലിടുക്കിനു (Dardanellse Strait) കുറുകേയാണ് ഈ പാലം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 1915 ചനക്കലെ പാലം (1915 Canakkale Bridge ) എന്നാണിതിന് പേരിട്ടിരിക്കുന്നത്. 2023 മീറ്ററാണിതിന്റെ നീളം. ഇതു നിര്‍മിക്കപ്പെട്ടതോടെ വെറും 6 മിനിറ്റുകൊണ്ട് യൂറോപ്പില്‍നിന്നും എഷ്യയിലേക്കും തിരിച്ചും കടക്കാം.
ജപ്പാനിലെ അകാഷി കൈക്യോ (Akashi Kaikyo Bridge) പാലത്തിന്റെ റെക്കോഡാണ് തുര്‍ക്കി പാലം മറികടന്നത്.

Monday, March 28, 2022

ചൂടനെ ഫോട്ടോയിലാക്കി സോളോ

സൂര്യനെ അടുത്തു കാണാന്‍ മനുഷ്യന്‍ പരിശ്രമം തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ ശതകോടി സെല്‍ഷ്യസില്‍ വെന്തുരുകി നില്‍ക്കുന്ന ആ ചൂടന്‍ നക്ഷത്രത്തിന്റെ ഏഴയലത്ത് അടുക്കാന്‍ ആര്‍ക്കുമായില്ല. ഇപ്പോഴിതാ സൂര്യന് പരമാവധി അടുത്തെത്തി കിടിലന്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നു!

ആരാണ് ഈ സാഹസം കാണിച്ചതെന്നല്ലേ? യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (European Space Agency) വികസിപ്പിച്ച ബഹിരാകാശ പേടകമായ സോളാര്‍ ഓര്‍ബിറ്റര്‍ ( Solar Orbiter)  ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്ത് ലോകത്തെ വിസ്മയിപ്പിച്ചിരിക്കുന്നത്. ഈ ഓര്‍ബിറ്ററിന് സോളോ (SolO) എന്നാണ് ചെല്ലപ്പേര്. സൂര്യനെ നിരീക്ഷിക്കുന്നതിനും പഠനങ്ങള്‍ നടത്തുന്നതിനും വേണ്ടി 2020 ഫെബ്രുവരി 10നാണ് സോളോ വിക്ഷേപിക്കപ്പെട്ടത്.
2022 മാര്‍ച്ച് 7ന് സോളോ എടുത്ത സൂര്യന്റെ 25 ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മനുഷ്യന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും മിഴിവേറിയ സൂര്യചിത്രങ്ങളാണിവ. സോളോയില്‍ ഘടിപ്പിച്ചിരിക്കുന്ന എക്‌സ്ട്രീം അള്‍ട്രാവയലറ്റ് ഇമേജര്‍ (Extreme Ultraviolet Imager (EUI)) എന്ന സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സൂര്യന്റെ പൂര്‍ണരൂപവും വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷമായ കൊറോണയും (Corona) ഒക്കെ ഈ ചിത്രത്തില്‍ പതിഞ്ഞിരിക്കുന്നു.
സോളോ സൂര്യന് അടുത്തെത്തി ചിത്രമെടുത്തു എന്നൊക്കെ പറയുമ്പോള്‍ അത് ഏകദേശം 75 ദശലക്ഷം കിലോമീറ്റര്‍ അകലെ നിന്നാണ് എന്നു കൂടി ഓര്‍ക്കണം കേട്ടോ!

Friday, March 25, 2022

ഇനി ഒളിക്കാനാവില്ല കാന്‍സറിന്.

അര്‍ബുദം അഥവാ കാന്‍സര്‍ ആധുനിക മനുഷ്യനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന ഒരു അസുഖമാണ്. അര്‍ബുദ ബാധ നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കുന്നതിന് ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയും. പക്ഷേ പലപ്പോഴും അസുഖബാധ വളരെ താമസിച്ചാണ് കണ്ടെത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു പുതിയ ഗവേഷണ ഫലം പുറത്തുവന്നു.

കാനഡയിലെ പ്രസിദ്ധമായ വാട്ടര്‍ലൂ സര്‍വകലാശാലയാണ് (The University of Waterloo) ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. അര്‍ബുദ കോശങ്ങളെ കൂടുതല്‍ കൃത്യതയോടെ കാലേകൂട്ടി കണ്ടെത്താനും വളര്‍ച്ച നിരീക്ഷിക്കാനും സാധിക്കുന്ന പുതിയ മാഗ്‌നറ്റിക് റെസണന്‍സ് ഇമേജിങ് (MRI) സാങ്കേതിക വിദ്യയാണ് അവര്‍ വികസിപ്പിച്ചിരിക്കുന്നത്. സിന്തറ്റിക് കോറിലേറ്റഡ് ഡിഫ്യൂഷന്‍ ഇമേജിങ് (synthetic correlated diffusion imaging) എന്നണിതിന് പേര് നല്‍കിയിരിക്കുന്നത്. ഈ എംആര്‍ഐ സങ്കേതം ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ കാന്‍സര്‍ ബാധിത കോശങ്ങള്‍ കൂടുതല്‍ തിളക്കമുള്ളതായി കാണപ്പെടുകയും അത് അവയുടെ വളര്‍ച്ച കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുകയും ചെയ്യും.  
ഈ പുതിയ സാങ്കേതിക വിദ്യ അര്‍ബുദ രോഗനിര്‍ണയത്തെയും ചികിത്സയെയും മെച്ചപ്പെടുത്തുമെന്ന് വാട്ടര്‍ലൂവിലെ സിസ്റ്റംസ് ഡിസൈന്‍ എന്‍ജിനീയറിങ് പ്രഫസര്‍ അലക്‌സാണ്ടര്‍ വോങ് ( Alexander Wong ) അഭിപ്രായപ്പെട്ടു. പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിതരായ ഇരുനൂറോളം പേരില്‍ ഈ സങ്കേതം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. സ്തനാര്‍ബുദ രോഗികളിലും ഈ സങ്കേതം ഉപയോഗിച്ച് മികച്ച രീതിയിലുള്ള രോഗനിര്‍ണയം നടത്താന്‍ സാധിച്ചിട്ടുണ്ട്.

Thursday, March 24, 2022

ഭൂമിക്കടിയില്‍നിന്ന് പുതിയ ഊര്‍ജം!

പെട്രോളിനും ഡീസലിനും അനുദിനം വില കൂടുന്നതൊക്കെ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. പരമ്പരാഗതമായ ഇത്തരം ഊര്‍ജ്ജ സ്രോസതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പുതിയ പുതിയ സ്രോതസ്സുകള്‍ നാം തേടിക്കൊണ്ടുമിരിക്കുകയാണ്. ഇപ്പോഴിതാ അത്തരമൊരു വ്യത്യസ്തമായ വാര്‍ത്ത വരുന്നു. ഭൂമിയുടെ ചൂടേറിയ അകക്കാമ്പില്‍നിന്നും അളവറ്റ ഊര്‍ജ്ജം ഉല്പാദിപ്പിക്കാന്‍ പരിശ്രമിക്കുകയാണ് ക്വായിസ് (Quaise) എന്ന കമ്പനി. 2020ലാണ ഈ കമ്പനി സ്ഥാപിക്കപ്പെട്ടത്.

Carlos Araque
സൗരോര്‍ജവും കാറ്റും പോലെ പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഹരിത ഊര്‍ജ വിഭവങ്ങളിലൊന്നാണ് ജിയോതെര്‍മല്‍ ഊര്‍ജ്ജം. എന്നാല്‍ ഈ രംഗത്ത് അധികം ശ്രദ്ധ ഉണ്ടായിട്ടില്ല. അതിനാവശ്യമായ സാങ്കേതിക വിദ്യകളുടെ അഭാവം തന്നെയാണിതിന് കാരണം. ഇതുവരെ ഭൂമിയില്‍ ഏറ്റവും ആഴത്തില്‍ കുഴിച്ചിട്ടുള്ളത് 12.3 കിലോമീറ്ററാണ്. വളരെ ഉയര്‍ന്ന താപനില ഉള്ള ഭൗമാന്തര്‍ഭാഗങ്ങളില്‍ തുരക്കാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ കണ്ടെത്തുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. ഇലക്ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ തരംഗങ്ങള്‍ ഉപയോഗിച്ച് ഉരുക്കിയെടുക്കുകയെന്ന പുതിയതായി പരീക്ഷിക്കപ്പെടുന്നത്. ഗെയ്റോട്രോണ്‍സ് എന്നു വിളിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായുള്ള ഇലക്ട്രോമാഗ്‌നെറ്റിക് റേഡിയേഷന്‍ തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇതു സാധ്യമാക്കുന്നത്. ഇങ്ങനെ 20 കിലോമീറ്റര്‍ വരെ ആഴത്തില്‍ കുഴിക്കാമെന്നാണ് ഈ ഗവേഷകരുടെ പ്രതീക്ഷ. ഇപ്രകാരം ഇത്രയും ആഴത്തില്‍ കുഴിയെടുക്കാനായാല്‍ വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പറ്റിയ സാഹചര്യം ഭൂമിക്കടിയില്‍ ഒരുക്കാന്‍ കഴിയുമത്രേ. 2026ല്‍ ഇതു സാധ്യമാകുമെന്നാണ് ക്വായിസ് പറയുന്നത്.

കാര്‍ലോസ് അറാക്ക് (Carlos Araque) ആണ് അമേരിക്ക ആസ്ഥാനമായ ക്വായിസ് എന്ന കമ്പനിയുടെ തലവന്‍.

Students India

2019...

2019...

3D

Generals







news

students India Class V-X (2018-2019) Rs-40

Issue-2

1st Issue

Winners 1


Rip Van Winkle

Popular Posts

Advt

Video

NuMATS

NuMATS

textbook 2015-2016

Revised%20textbook

flash

pictures

pictures

Cricket

Live Traffic Feed

National Games

Followers