രാജ്യത്തെ ഏറ്റവും പ്രശസ്തമായ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ സരസ്വതീ സമ്മാന്‍ മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനുമായ വീരപ്പ മൊയ്‌ലിക്ക്.
കന്നഡ ഭാഷയില്‍ രചിച്ച 'രാമായണ മഹാന്വേഷണം' എന്ന കവിതയാണ് പുരസ്‌ക്കാരത്തിനര്‍ഹമായത്. 2007ല്‍ പ്രസിദ്ധീകൃതമായ ഈ കൃതി ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാരതീയ ഭാഷകളിലേയ്ക്കും ഇംഗ്ലീഷിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ മൊയ്‌ലി നാലു നോവലുകളും മൂന്നു കവിതാ സമാഹാരങ്ങളും ഒട്ടേറെ നാടകങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
1991ല്‍ കെ. കെ. ബിര്‍ല ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് സരസ്വതീ സമ്മാന്‍. ആ വര്‍ഷം ആദ്യ പുരസ്‌ക്കാരം നേടിയത് ഹരിവംശ് റായ് ബച്ചന്‍ (അഭിനയ പ്രതിഭ അമിതാബ് ബച്ചന്റെ പിതാവ്) ആയിരുന്നു. 1995ല്‍ ബാലാമണിയമ്മയ്ക്കും (നിവേദ്യം - കവിതാ സമാഹാരം), 2005ല്‍ കെ. അയ്യപ്പപണിക്കര്‍ക്കും (അയ്യപ്പപണിക്കരുടെ കൃതികള്‍ - കവിതാ സമാഹാരം), 2012ല്‍ സുഗതകുമാരിക്കും (മണലെഴുത്ത് - കവിതാ സമാഹാരം) സരസ്വതീ സമ്മാന്‍ ലഭിച്ചിട്ടുണ്ട്.
10 ലക്ഷം രൂപ സമ്മാനത്തുകയും, ഫലകവും, പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
1940 ജനുവരി 12ന് കര്‍ണാടകയിലെ മാര്‍പാടി എന്ന ഗ്രാമത്തിലാണ് മാര്‍പാടി വീരപ്പ മൊയ്‌ലി ജനിച്ചത്. 1992 മുതല്‍ 1994 വരെ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. കഴിഞ്ഞ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ പെട്രോളിയം, ഊര്‍ജ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. ഇപ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.
2007ല്‍ മൂര്‍ത്തിദേവി പുരസ്‌ക്കാരം, 2002ല്‍ ഡോ. ബി. ആര്‍. അംബേദ്കര്‍ പുരസ്‌ക്കാരം 2001ല്‍ ആര്യഭട്ട പുരസ്‌ക്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.