രാജ്യങ്ങള്‍ മാറ്റുരയ്ക്കുന്ന ലോകത്തിലെ ഏറ്റവും പ്രമുഖമായ പുരുഷ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പായ തോമസ് കപ്പില്‍ (Thomas Cup) ഇന്ത്യയ്ക്ക് കിരീടം. കലാശപോരാട്ടത്തില്‍ ഇന്തൊനീഷ്യയെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീം ഇതാദ്യമായി കിരീടം നേടി ചരിത്രമെഴുതി.
ഈ ചാംപ്യന്‍ഷിലുടനീളം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനീസ് തായ്‌പേയിയോടു മാത്രമാണ് തോല്‍വി വഴങ്ങിയത്. ക്വാര്‍ട്ടറില്‍ മലേഷ്യയെയും സെമിയില്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെയും തകര്‍ത്തു മുന്നേറിയ ഇന്ത്യ ഫൈനലില്‍ മുന്‍പ് 14 തവണ ചാംപ്യന്‍മാരായിട്ടുള്ള ഇന്തൊനേഷ്യയെ നിഷ്പ്രഭരാക്കി വിജയകിരീടമണിഞ്ഞു.കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, എച്ച്. എസ്. പ്രണോയ് എന്നിവര്‍ സിംഗിള്‍സിലും ചിരാഗ് ഷെട്ടി, സാത്വിക് സായ്‌രാജ്, എം.ആര്‍.അര്‍ജുന്‍ എന്നിവര്‍ ഡബിള്‍സിലും ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു. ഇതില്‍ പ്രണോയിയും അര്‍ജുനും മലയാളികളാണ്.
ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്റെ (BWF) അംഗരാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ടീമുകള്‍ തമ്മിലുള്ള അന്താരാഷ്ട്ര പുരുഷ ബാഡ്മിന്റണ്‍ മത്സരമായ തോമസ് കപ്പിന്റെ ആദ്യ ടൂര്‍ണമെന്റ് നടന്നത് 1948-1949 വര്‍ഷത്തിലാണ്. 1982 നു ശേഷം രണ്ട് വര്‍ഷത്തിലൊരിക്കലാണ് ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തപ്പെടുന്നത്. 1990 കളുടെ തുടക്കത്തില്‍ ഇംഗ്ലീഷ് ബാഡ്മിന്റണ്‍ കളിക്കാരനായിരുന്ന സര്‍ ജോര്‍ജ്ജ് അലന്‍ തോമസ് (Sir George Alan Thomas) ആയിരുന്നു ഇത്തരമൊരു ചാംപ്യന്‍ഷിപ്പിന്റെ ആശയം മുന്നോട്ടു വച്ചത്. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് തോമസ് കപ്പ് എന്ന പേര് നല്‍കിയിരിക്കുന്നത്.
No comments:
Post a Comment