ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍... ശബ്ദ സന്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍... ഇതൊന്നും ഫിക്ഷന്‍ സിനിമകളിലെ കാര്യങ്ങളല്ല, പ്രവര്‍ത്തിപഥത്തിലെത്താന്‍ തയാറാറെടുക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്.
സിംഗപൂരിലെ പ്രശസ്തമായ നാന്‍യാങ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ വെയ് യാന്‍ (Wei Yan) ആണ് വസ്ത്രങ്ങളിലെ പുതുപരീക്ഷണങ്ങള്‍ക്കു പിന്നില്‍. മുന്‍പ് കേംബ്രിഡ്ജിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ സേവനം ചെയ്യുന്ന കാലത്ത് തുടങ്ങിയ ഗവേഷണങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയില്‍ എത്തിയിരിക്കുന്നത്.
ഈ പരീക്ഷങ്ങള്‍ക്ക് യാന്‍ മാതൃകയാക്കിയത് മനുഷ്യന്റെ ചെവികളെയാണ്. ചെവിയിലെ ഡ്രം എന്ന ഭാഗത്തെ ശബ്ദതരംഗങ്ങള്‍ വൈബ്രേറ്റ് ചെയ്യിക്കുന്നു. തുടര്‍ന്ന് കോക്ലിയ എന്ന ഭാഗമാണ് കമ്പനങ്ങളെ ഇലക്ട്രിക്കല്‍ സിഗ്നലുകളാക്കി മാറ്റുന്നത്. ഇയര്‍ ഡ്രം യഥാര്‍ത്ഥത്തില്‍ ഫൈബറുകള്‍കൊണ്ട് നിര്‍മിച്ചിട്ടുള്ളതാണ്. ഇതുപോലെ തന്നെ ശബ്ദം സൃഷ്ടിക്കുന്ന കമ്പനം പിടിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യേകതരം ഫൈബറുകളെ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്. കോട്ടണും ത്വരോണ്‍ (Twaron) എന്നറിയപ്പെടുന്ന മറ്റൊരു പദാര്‍ത്ഥവും കൂട്ടിയിണക്കി തയാറാക്കുന്ന നൂലിഴകള്‍കൊണ്ട് നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ക്ക് ശബ്ദത്തിലെ ഊര്‍ജത്തെ കമ്പനങ്ങളാക്കാന്‍ കഴിയുമത്രേ! ഇതില്‍ പ്രത്യേക പീസോഇലക്ട്രിക് ( piezoelectric ) മെറ്റീരിയലുകളും കൂട്ടിച്ചേര്‍ക്കുമ്പോള്‍ അത് കമ്പനങ്ങളില്‍നിന്ന് ചെറിയ ഇലക്ട്രിക് സിഗ്നലുകള്‍ സൃഷ്ടിക്കുന്നു. ഇത് പ്രത്യേക ഉപകരണങ്ങള്‍ വഴി പിടിച്ചെടുക്കാന്‍ കഴിയുമത്രെ!ഇത്തരം 'ഹൈടെക് ത്രെഡുകള്‍' റെഡിയാവുന്നതോടെ വസ്ത്രം ഒരു ഹൈടെക് കമ്മ്യൂണിക്കേഷന്‍ ഉപകരണമായി മാറുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment