മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ത്യയുടെ 13-ാം രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി (Pranab Kumar Mukherjee) അന്തരിച്ചു (2020 ഓഗസ്റ്റ് 31-ന്). പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി രാജ്യം ആദരിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. വിവിധ കേന്ദ്ര മന്ത്രിസഭകളില്‍ വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ സുപ്രധാന വകുപ്പുകള്‍ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് തുടക്കമിട്ടു. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണിദ്ദേഹം. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
1969ലാണ് പ്രണബ് മുഖര്‍ജി ആദ്യമായി രാജ്യസഭാംഗമായത്. 1973 ല്‍ അദ്ദേഹം കേന്ദ്രമന്ത്രിയായി. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 കാലത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. 2004ലാണ് ഇദ്ദേഹം ആദ്യമായി ലോക്‌സഭാംഗമായത്. പശ്ചിമബംഗാളിലെ ജാംഗിപ്പൂര്‍ (Jangirpur) ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ലോകസഭയിലെത്തിയത്. 2009ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍നിന്ന് വിജയിച്ചു.
ഇന്ദിരാ ഗാന്ധിക്കുശേഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ല എന്ന തോന്നലില്‍ രാഷ്ട്രീയ സമാജ്‌വാദി കോണ്‍ഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ 1989ല്‍ ഈ സംഘടന കോണ്‍ഗ്രസ്സില്‍ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷനായി നിയമിച്ചു. പിന്നീട് 1995 ല്‍ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു. സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിനു പിന്നിലും പ്രണബ് ആണെന്നു കരുതപ്പെടുന്നു. 2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതല്‍ മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു പ്രണബ് മുഖര്‍ജി. 2012 ല്‍ കോണ്‍ഗ്രസ്സിന്റെ നാമനിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചു, എതിര്‍ സ്ഥാനാര്‍ത്ഥി പി.എ.സാങ്മയെ ആണ് പരാജയപ്പെടുത്തിയത്. 2017ല്‍ സജീവരാഷ്ട്രീയത്തോട് വിടപറഞ്ഞു.
1935 ഡിസംബര്‍ 11ന് പശ്ചിമബംഗാളിലെ ബീര്‍ഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് പ്രണബ് മുഖര്‍ജി ജനിച്ചത്. സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി. അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജി പിതാവും രാജലക്ഷ്മി മാതാവുമാണ്. കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ചരിത്രം, രാഷ്ട്രമീമാംസ, നിയമം എന്നീ വിഷയങ്ങളില്‍ ബിരുദങ്ങള്‍ കരസ്ഥമാക്കി. ആദ്യ ജോലി പോസ്റ്റല്‍ ആന്റ് ടെലഗ്രാഫ് വകുപ്പിലായിരുന്നു. 1963ല്‍ വിദ്യാനഗര്‍ കോളജില്‍ അദ്ധ്യാപകനായി ജോലിക്കു ചേര്‍ന്നു. രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനു മുമ്പ് ബംഗാളി പ്രസിദ്ധീകരണമായ 'ദേശേര്‍ ഡാക്' ല്‍ പത്രപ്രവര്‍ത്തകനായും പിന്നീട് അഭിഭാഷകനായും ജോലി ചെയ്തു.
രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ആഫ്രിക്കന്‍ ഡവലപ്മെന്റ് ബാങ്ക് എന്നിവയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അംഗമായിരുന്നിട്ടുണ്ട്.
2019ലാണ് ഭാരത് രത്‌ന പുരസ്‌കാരം ലഭിച്ചത്. 1977 ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും 2008 ല്‍ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. 'ബിയോണ്ട് സര്‍വൈവല്‍', 'എമര്‍ജിങ് ഡൈമന്‍ഷന്‍സ് ഓഫ് ഇന്ത്യന്‍ ഇക്കണോമി', 'ചാലഞ്ച് ബിഫോര്‍ ദ് നാഷന്‍/സാഗ ഓഫ് സ്ട്രഗ്ള്‍ ആന്‍ഡ് സാക്രിഫൈസ്' തുടങ്ങി നിരവധി ശ്രദ്ധേയ കൃതികള്‍ രചിച്ചിട്ടുണ്ട്.
No comments:
Post a Comment