രാജ്യാന്തര പ്രസിദ്ധ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. പൂര്‍ണനാമം ശ്രീപതി പണ്ഡിതരാധ്യുല ബാലസുബ്രഹ്മണ്യം . സിനിമാ പിന്നണി ഗായകന്‍, നടന്‍, സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ സകലകലാവല്ലഭനായിരുന്നു എസ് പി ബി. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു. ഇത് ഗിന്നസ് റെക്കോഡാണ്.
1946 ജൂണ്‍ 4-ന് ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ജനിച്ചത്. 1966-ല്‍ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ പിന്നണി ഗാനരംഗത്തെ അരങ്ങേറ്റം. കടല്‍പ്പാലം എന്ന ചിത്രത്തില്‍ ജി. ദേവരാജന്റെ സംഗീതത്തില്‍ പാടിക്കൊണ്ട് മലയാള പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നു. ആര്‍.ഡി. ബര്‍മന്‍ ഈണമിട്ട പഞ്ചാം എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറി. 1979-ല്‍ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യത്തെ ദേശീയ അവാര്‍ഡ് ലഭിച്ചു. പിന്നീട് 5 തവണകൂടി (1981, 1983, 1988, 1995, 1996) രാജ്യത്തെ മികച്ച ഗായകനുളള പുരസ്‌കാരം നേടി. യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ ദേശീയ അവാര്‍ഡുകള്‍ നേടിയ ഗായകന്‍ എന്ന ബഹുമതിയും എസ്പിബിയ്ക്കാണ്. മികച്ച ഗായകനുളള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് 24 തവണയും കര്‍ണാടക സര്‍ക്കാരിന്റെ പുരസ്‌കാരം 3 തവണയും തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം 4 തവണയും ലഭിച്ചു.
നാല് ഭാഷകളിലായി അമ്പതോളം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചു. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി എഴുപതില്‍പ്പരം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു ഈ ബഹുമുഖ പ്രതിഭ.
2001ല്‍ പത്മശ്രീയും 2011-ല്‍ പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.
No comments:
Post a Comment