കേള്‍ക്കാം...
നമുക്ക് കേള്‍ക്കാം...
ജസ്റ്റിസ് യു. യു. ലളിത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ്
ദ്രൗപദി മുര്‍മു ഇന്ത്യയുടെ പുതിയ രാഷ്ട്രപതി
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായി ശ്രീമതി ദ്രൗപദി മുര്‍മുവിന് (Draupadi Murmu) ചരിത്ര വിജയം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ (Bharatiya Janata Party) നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിന്റെ പ്രതിനിധിയായിട്ടാണ് മത്സരിച്ചത്. ഇന്ത്യയുടെ രാഷ്ട്രപതിയാവുന്ന ആദ്യ ഗോത്രവര്‍ഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് ശ്രീമതി ദ്രൗപദി.
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി (Santal) ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സരമകാലത്ത് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ജാര്‍ഖണ്ഡ് വനങ്ങളില്‍ ആയുധമെടുത്തു പോരാടിയവരാണ് സന്താള്‍ ഗോത്രവര്‍ഗക്കാര്‍. ആ വംശാവലിയില്‍ നിന്നൊരാള്‍ ഇന്ത്യയുടെ രാഷ്ട്രപതിയാകുമ്പോള്‍ പുതിയ ചരിത്രം രചിക്കപ്പെടുകയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗമാകാതെ രാഷ്ട്രപതിക്കസേരയിലെത്തിയ അപൂര്‍വം വ്യക്തികളിലൊരാളാണ് ശ്രീമതി ദ്രൗപദി മുര്‍മു. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡിന്റെ ഒമ്പതാമത്തെ ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഗവര്‍ണറാവുന്ന ആദ്യ ഒഡീഷ വനിതയും ഇവര്‍ തന്നെ. 2000 മുതല്‍ 2004 വരെ ഒഡീഷയിലെ റായ്‌റംഗ്പുര്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2000 - 2002 കാലഘട്ടത്തില്‍ ഒഡീഷയില്‍ വാണിജ്യ - ഗതാഗത മന്ത്രിയും, 2002 -2004 കാലഘട്ടത്തില്‍ ഫിഷറീസ് മന്ത്രിയുമായിരുന്നു. 2007ല്‍ ഒഡീഷ ലെജിസ്ലേറ്റീവ് അസംബ്ലി അവര്‍ക്ക് മികച്ച എം.എല്‍.എ.ക്കുള്ള നീലകണ്ഠ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ബി.ജെ.പി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
നീരജ് ചോപ്രയ്ക്ക് ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍. 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് വെള്ളി നേടിയത്. 89.94 മീറ്റര്‍ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഗ്രനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് സ്വര്‍ണവും (90.54 മീറ്റര്‍) ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി നേടിയ ചെക്ക് റിപ്പബ്ലിക് താരം യാക്കൂബ് വാദ്ലെജ് വെങ്കലവും നേടി.
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ പുരുഷതാരമാണ് ചോപ്ര. മലയാളിയായ അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ചോപ്ര. കഴിഞ്ഞവര്‍ഷം ടോക്കിയോ ഒളിംപിക്‌സില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കാരന്റെ ആദ്യ മെഡലും അതായിരുന്നു.
പ്രപഞ്ചത്തിലേക്ക് മിഴിതുറന്ന് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി
2021 ഡിസംബര്‍ 25-നാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി വിക്ഷേപിക്കപ്പെട്ടത്. നാസയെ കൂടാതെ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, കനേഡിയന്‍ സ്‌പേസ് ഏജന്‍സി എന്നിവയും ഇതിന്റെ ഭാഗമാണ്. സ്വര്‍ണ ദര്‍പ്പണത്തില്‍ നിര്‍മിച്ചിട്ടുള്ള ഈ ടെലസ്‌കോപ്പിന്റെ ചെലവ് ഏകദേശം 1000 കോടി ഡോളറാണ്. പ്രധാന കണ്ണാടിയുടെ വ്യാസം 6.5 മീറ്ററാണ്. ഇത് ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡിലും ഒരുപോലെ പ്രവര്‍ത്തിക്കുമെന്ന പ്രത്യേകതയുമുണ്ട്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ജയിംസ് ഇ. വെബിന്റെ പേരാണ് ഈ ടെലസ്‌കോപ്പിനു നല്‍കിയിരിക്കുന്നത്. 1949 മുതല്‍ 1952 വരെ യുഎസ് സ്റ്റേറ്റ് അണ്ടര്‍ സെക്രട്ടറിയായിരുന്ന ജയിംസ് വെബ് പില്‍ക്കാലത്ത് നാസ തലപ്പത്ത് ആയിരിക്കുമ്പോള്‍ മനുഷ്യരെ ചന്ദ്രനിലെത്തിച്ച അപ്പോളോ പദ്ധതിയുടെ ആദ്യ ദൗത്യത്തിന് നേതൃത്വം നല്‍കി.
ലോകശ്രദ്ധയാകര്‍ഷിച്ച ഈ ബൃഹദ് പദ്ധതിയിലും മലയാളികളുടെ പങ്കുണ്ട്. ടെലിസ്‌കോപ്പിന്റെ ഇന്റഗ്രേഷന്‍ ആന്‍ഡ് സിസ്റ്റം എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍ ഏബ്രഹാം, ടെസ്റ്റ് എന്‍ജിനീയറായ റിജോയ് തോമസ് എന്നിവര്‍ അമേരിക്കന്‍ മലയാളികളാണ്. കൂടാതെ ജയിംസ് വെബ് പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്യാനുള്ള നാസയുടെ സംഘത്തിലും 2 മലയാളികളുള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ഗവേഷകനുമായ മനോജ് പുറവങ്കരയും തിരുപ്പതി ഐസറില്‍ ഗവേഷകയും അസിസ്റ്റന്റ് പ്രഫസറുമായ മൂവാറ്റുപുഴ സ്വദേശി ജെസ്സി ജോസുമാണു സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മലയാളികള്‍.
ജിസാറ്റ്-24 ഭ്രമണപഥത്തില്‍
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) നിര്‍മിച്ച ജിസാറ്റ്-24 (GSAT-24) എന്ന അത്യാധുനികകമായ വാര്‍ത്താവിനിമയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയായ ഏരിയന്‍ സ്‌പേസ് ആണ് വിക്ഷേപണം നടത്തിയത്. 2022 ജൂണ്‍ 22ന് ഫ്രഞ്ച് ഗയാനയിലെ കുറൗവിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ഏരിയന്‍ 5 (Ariane 5) റോക്കറ്റിലായിരുന്നു വിക്ഷേപണം. ഏരിയന്‍സ്‌പേസ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന 25-ാമത്തെ ഇന്ത്യന്‍ ഉപഗ്രഹമായിരിക്കുമിത്.
ഡയറക്ട്-ടു-ഹോം (DTH) ആപ്ലിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പാന്‍ ഇന്ത്യ കവറേജുള്ള 4,180 കിലോഗ്രാം ഭാരമുള്ള 24-ക്യു ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റാണ് ജിസാറ്റ്-24.
ബഹിരാകാശ മേഖലയിലെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) എന്ന സ്ഥാപനത്തിന്റെ ആദ്യ കരാര്‍ ദൗത്യമായിരുന്നു ഇത്. ടാറ്റ പ്ലേയ്ക്ക് ഈ ഉപഗ്രഹത്തിന്റെ മുഴുവന്‍ ശേഷിയും പാട്ടത്തിന് നല്‍കിയിരിക്കുകയാണ് രാജ്യാന്തര ബഹിരാകാശ വിപണിയിലെ അവസരങ്ങള്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയുമാണ് ന്യൂ സ്‌പേസിന്റെ ചുമതല.
ബുക്കര്‍ പ്രൈസ് ഗീതാഞ്ജലിക്ക്
2022ലെ സാഹിത്യത്തിനുള്ള ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഭാഷയിലെ ഒരു കൃതിക്ക് ലഭിച്ചു. ഗീതാഞ്ജലി ശ്രീ (Geetanjali Shree) രചിച്ച് അമേരിക്കക്കാരി ഡെയ്‌സി റോക്ക്‌വെല്‍ (Daisy Rockwell) പരിഭാഷ നിര്‍വഹിച്ച കൃതിയാണ് സമ്മാനാര്‍ഹമായത്. ഗീതാഞ്ജലി ശ്രീ ഹിന്ദിയിലെഴുതിയ 'രേത് സമാധി' (Ret Samadhi) എന്ന കൃതിയാണ് ഡെയ്‌സി റോക്ക്‌വെല്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി 'റ്റോംബ് ഓഫ് സാന്‍ഡ്' (Tomb of Sand) എന്നപേരില്‍ പ്രസിദ്ധീകരിച്ചത്. സമ്മാനത്തുക ഇരുവര്‍ക്കുമായി പങ്കിട്ടു നല്‍കും. Geetanjali Sheree and_Daisy Rockwell
1957 ജൂണ്‍ 12ന് ഉത്തര്‍പ്രദേശിലാണ് ഗീതാഞ്ജലി ശ്രീ ജനിച്ചത്.
ശബ്ദാതിവേഗത്തില്‍
സഞ്ചരിക്കുന്ന യാത്രാ വിമാനമായ കോണ്‍കോഡിനെക്കുറിച്ച് (Concorde) നിങ്ങള്‍
കേട്ടിരിക്കും! ഫ്രാന്‍സ് ആയിരുന്നു ഈ സൂപ്പര്‍സോണിക് വിമാനത്തിന്റെ
ഉപജ്ഞാതാക്കള്‍. പറക്കാനുള്ള വലിയ ചെലവും വിമാനം സൃഷ്ടിച്ച അമിത ശബ്ദവും
കാരണം കോണ്‍കോര്‍ഡ് 2003ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
എന്നാലിപ്പോഴിതാ
മറ്റൊരു ശബ്ദാതിവേഗ വിമാനം പണിപ്പുരയിലാണ്. അമേരിക്കന്‍ വ്യോമഗതാഗത
കമ്പനിയായ ബൂം സൂപ്പര്‍സോണിക് (Boom Supersonic) ലോകത്തിലെ ഏറ്റവും
വേഗമുള്ള സൂപ്പര്‍സോണിക് ജെറ്റ് രൂപകല്‍പന ചെയ്യുന്നു. നാല് എന്‍ജിനുകളാണ്
ഇതിനുള്ളത്. ഓവര്‍ചര്‍ (Overture) എന്നു പേരിട്ടിരിക്കുന്ന ഈ വിമാനത്തിന്
65 മുതല്‍ 80 യാത്രക്കാരെ വരെ വഹിച്ചുകൊണ്ട് മണിക്കൂറില്‍ 2100
കിലോമീറ്റര്‍ വേഗം കൈവരിക്കാനുള്ള ശേഷിയുണ്ട്. ഈ വേഗം അനുസരിച്ച്
ന്യൂയോര്‍ക്കില്‍ നിന്ന് ലണ്ടനിലേക്ക് എത്താന്‍ മൂന്നര മണിക്കൂര്‍
മതിയാവുമേ്രത! സാധാരണ ഗതിയില്‍ ആറരമണിക്കൂറാണ് ഈ യാത്രയ്ക്ക് എടുക്കുക.
കൊച്ചിയില്‍ നിന്നു മുംബൈയിലേക്ക് ഈ വിമാനം പറന്നെത്താന്‍ വെറും 40
മിനിറ്റ് മാത്രം മതി. ഇപ്പോള്‍ രൂപകല്‍പനാ ഘട്ടത്തിലുള്ള ഈ വിമാനം 2024ല്‍
നിര്‍മാണഘട്ടത്തിലേക്കു കടക്കും. 2029ല്‍ യാത്രക്കാരെ വഹിച്ചു പറക്കും.
ശബ്ദം പരമാവധി കുറച്ച് പരിസ്ഥിതി സൗഹൃദ ഇന്ധനത്തിലാകും ഓവര്‍ചര്‍ പറക്കുക
എന്ന പ്രത്യേകതയുമുണ്ട്.
മണിക്കൂറില്‍ 910 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാന്‍ സാധിക്കുന്ന ബോയിങ് 747-8i (
Boeing 747-8i) വിമാനമാണ് നിലവില്‍ ലോകത്തെ ഏറ്റവും വേഗമുള്ള വിമാനം. ഈ വിമാനത്തിന് പക്ഷേ 660 യാത്രികരെ വരെ വഹിക്കാന്‍ ശേഷിയുണ്ട്.