തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ റോജര്‍ പെന്റോസ് (Roger Penrose), റെയ്‌നാഡ് ഗെന്‍സല്‍ (Reinhard Genzel), ആന്‍ഡ്രിയ ഗെസ് (Andrea Ghez) എന്നീ ശാസ്ത്രജ്ഞര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനം പങ്കുവച്ചു. പുരസ്‌കാരത്തിന്റെ നേര്‍പകുതി പെന്റോസിനും ബാക്കി മറ്റു 2 പേര്‍ക്കുമായാണു നല്‍കുന്നത്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഗെന്‍സലും യുഎസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ആന്‍ഡ്രിയ ഗെസും സൗരയൂഥത്തിന്റെ മധ്യഭാഗത്തു നിലനില്‍ക്കുന്ന അതീവ പിണ്ഡമുള്ള തമോഗര്‍ത്തം കണ്ടെത്തിയതിലൂടെയാണ് പുരസ്‌കാരത്തിനര്‍ഹരായത്. ഭൗതികശാസ്ത്രനോബല്‍ നേടുന്ന നാലാമത്തെ വനിതയാണ് ആന്‍ഡ്രിയ ഗെസ്.
തമോഗര്‍ത്തങ്ങളുടെ ഉദ്ഭവം, നിലനില്‍പ്പ് എന്നിവയെക്കുറിച്ചു ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു തുടക്കമിട്ടതാണ് പെന്റോസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എമറിറ്റസ് പ്രഫസറാണിദ്ദേഹം. ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനോടൊപ്പം നടത്തിയ ഗവേഷണങ്ങള്‍ക്ക് 1988ല്‍ ഭൗതികശാസ്ത്രത്തിനുള്ള വുള്‍ഫ് പ്രൈസ് ലഭിച്ചിട്ടുണ്ട്. 1931 ആഗസ്റ്റ് 8ന് ഇംഗ്ലണ്ടിലെ എസ്സക്‌സിലാണ് ഇദ്ദേഹം ജനിച്ചത്.
1952 മാര്‍ച്ച് 24ന് ജര്‍മനിയിലാണ് റെയ്‌നാഡ് ഗെന്‍സല്‍ ജനിച്ചത്. ആന്‍ഡ്രിയ ഗെസ് 1965 ജൂണ്‍ 16ന് ന്യൂയോര്‍ക്കില്‍ ജനിച്ചു.
No comments:
Post a Comment