രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം രണ്ട് വനിതകള്‍ക്ക്. ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), ജെന്നിഫര്‍ എ. ഡോഡ്‌ന (Jennifer A. Doudna) എന്നിവരാണ് സമ്മാനം പങ്കിട്ടത്. ജീനോം എഡിറ്റിങ്ങിനു വേണ്ടിയുള്ള സങ്കേതമായ ക്രിസ്പര്‍-കാസ്9 ( CRISPR–Cas9) വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് വനിതകള്‍ മാത്രമുള്ള ഗ്രൂപ്പിന് രസതന്ത്ര നൊബേല്‍ ലഭിക്കുന്നത്. ഇവരുടെ നേട്ടത്തോടെ രസതന്ത്ര നൊബേലിന് അര്‍ഹരായ വനിതകളുടെ എണ്ണം 7 ആയി. മേരി ക്യൂറി (1911), എറിന്‍ ക്യൂറി (1935), ഡൊറോത്തി ഹോജ്ഗ്കിന്‍ (1964), ആദാ യെനോത് (2009), ഫ്രാന്‍സെസ് ആര്‍നോള്‍ഡ് (2018) എന്നിവരാണ് മുന്‍ ജേതാക്കളായ വനിതകള്‍.
ജീന്‍ ടെക്‌നോളജിയിലെ ഏറ്റവും മൂര്‍ച്ചയേറിയ സംവിധാനമായി ഗണിക്കപ്പെടുന്ന ക്രിസ്പര്‍-കാസ്9 ജനറ്റിക് സിസ്സേര്‍സ് ഉപയോഗിച്ച് ഗവേഷകര്‍ക്ക് മൃഗങ്ങളുടെയും സൂക്ഷ്മ ജീവികളുടെയും സസ്യങ്ങളുടെയും മറ്റും ഡിഎന്‍എ കൃത്യതയോടെ മുറിച്ചു മാറ്റാന്‍ സാധിക്കും. നൂതനമായ ക്യാന്‍സര്‍ ചികിത്സകള്‍ക്കും ജനിതക രോഗങ്ങള്‍ ഭേദമാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാനാകും. പ്ലാന്റ് ബ്രീഡിങ്ങിലും കൃഷിരംഗത്ത് മേന്മയേറിയ വിളകള്‍ സൃഷ്ടിക്കാനുമൊക്കെ ഇത് സഹായകമാകും.
ജര്‍മനിയിലെ ബര്‍ലിനിലുള്ള സയന്‍സ് ഓഫ് പത്തോജന്‍സിലെ മാക്‌സ് പ്ലാന്‍ക് യൂണിറ്റിന്റെ ഡയറക്ടറാണ് ഇമ്മാനുവെല്ലെ ഷാര്‍പെന്റിയെര്‍. 1968 ല്‍ ഫ്രാന്‍സില്‍ ജനിച്ചു. യുഎസിലെ ബര്‍ക്ലെ സര്‍വകലാശാലയിലെ പ്രഫസറാണ് ജെന്നിഫര്‍ എ. ഡൗഡ്‌ന. 1964 ഫെബ്രുവരി 19ന് വാഷിങ്ടണിലാണ് ഡൗഡ്‌ന ജനിച്ചത്.
No comments:
Post a Comment