സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകരായ പോള്‍ ആര്‍. മില്‍ഗ്രോമിനും (Paul R. Milgrom) റോബര്‍ട്ട് ബി. വില്‍സണും (Robert B. Wilson). ലേല തിയറിയിലെ പരിഷ്‌കാരങ്ങളും പുതിയ ഓക്ഷന്‍ ഫോര്‍മാറ്റുകളുടെ കണ്ടുപിടിത്തങ്ങള്‍ക്കുമാണ് പുരസ്‌കാരം. ലേല നടപടികളിലെ പുതിയ രീതികള്‍ ലോകമെങ്ങും വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും നികുതിദായകര്‍ക്കും പ്രയോജനപ്രദമായതായി പുരസ്‌കാര കമ്മിറ്റി വിലയിരുത്തി.
Sunday, October 18, 2020
2020 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം; വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (World Food Programme - WFP)
ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (World Food Programme - WFP) 2020ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം. വിശപ്പിനെതിരായ പോരാട്ടത്തിനാണ് പുരസ്‌കാരം. പട്ടിണി മാറ്റുകയെന്നത് എ്യെരാഷ്ട്ര സംഘടന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള പ്രധാന സംഘടനകളിലൊന്നാണ് ഡബ്ല്യുഎഫ്പി. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് സംഘടന ഭക്ഷ്യ സഹായം നല്‍കിയിട്ടുണ്ട്.
ലോകത്ത് ഒന്‍പതിലൊരാള്‍ പട്ടിണി കിടക്കുന്നുണ്ടെന്നാണു കണക്ക്. അടുത്ത വര്‍ഷം അറുപതാം വയസ്സിലെത്തുന്ന ലോക ഭക്ഷ്യ പദ്ധതി, കഴിഞ്ഞവര്‍ഷം മാത്രം 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്കു ഭക്ഷ്യസഹായം നല്‍കി
യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ തലപ്പത്ത് ഇപ്പോഴുള്ളത് 2017 ല്‍ നിയമിക്കപ്പെട്ട ഡേവിഡ് ബീസ്‌ലേ ആണ്. യുഎസിലെ സൗത്ത് കാരോലിന മുന്‍ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമാണിദ്ദേഹം.
2020 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം; അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലുക് (Louise Gluck) നേടി
ഈ വര്‍ഷത്തെ സാഹിത്യ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലുക് (Louise Gluck) നേടി. സമകാലീന അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവികളിലൊരാളാണ് ഗ്ലുക്. നൊബേല്‍ സമ്മാനം ലഭിക്കുന്ന 16-ാമത്തെ വനിതയാണിവര്‍.
1943 ല്‍ ന്യൂയോര്‍ക്കില്‍ ജനിച്ച ഗ്ലുക്, മസാച്യൂസെറ്റ്‌സിലാണു താമസം. യുഎസിലെ യേല്‍ സര്‍വകലാശാല ഇംഗ്ലിഷ് പ്രഫസറാണ്. അഞ്ചു ദശകം പിന്നിടുന്ന കാവ്യജീവിതത്തില്‍ നാഷനല്‍ ബുക് അവാര്‍ഡ്, പുലിറ്റ്‌സര്‍ പ്രൈസ് എന്നിവ അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. 12 കാവ്യസമാഹാരങ്ങളും ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. മരണവും കുട്ടിക്കാലവും കുടുംബജീവിതവും ഗ്ലുക്കിന്റെ കവിതകളിലെ മുഖ്യ പ്രമേയങ്ങളാണ്. 19ാം നൂറ്റാണ്ടിലെ യുഎസ് കവി എമിലി ഡിക്കിന്‍സണിനോടാണു ഗ്ലുക്കിനെ സ്വീഡിഷ് അക്കാദമി താരതമ്യം ചെയ്തത്.
ഫസ്റ്റ്‌ബോണ്‍ (1968) വൈല്‍ഡ് ഐറിസ് (1992), അവര്‍ണോ (2006) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
2020 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ട് വനിതകള്‍ക്ക്.; ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), ജെന്നിഫര്‍ എ. ഡോഡ്‌ന (Jennifer A. Doudna) എന്നിവര്‍ക്ക്.
രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം രണ്ട് വനിതകള്‍ക്ക്. ഫ്രഞ്ച് ശാസ്ത്രജ്ഞ ഇമ്മാനുവല്‍ ഷാപെന്റിയര്‍ (Emmanuelle Charpentier), ജെന്നിഫര്‍ എ. ഡോഡ്‌ന (Jennifer A. Doudna) എന്നിവരാണ് സമ്മാനം പങ്കിട്ടത്. ജീനോം എഡിറ്റിങ്ങിനു വേണ്ടിയുള്ള സങ്കേതമായ ക്രിസ്പര്‍-കാസ്9 ( CRISPR–Cas9) വികസിപ്പിച്ചതിനാണ് പുരസ്‌കാരം. ഇതാദ്യമായാണ് വനിതകള്‍ മാത്രമുള്ള ഗ്രൂപ്പിന് രസതന്ത്ര നൊബേല്‍ ലഭിക്കുന്നത്. ഇവരുടെ നേട്ടത്തോടെ രസതന്ത്ര നൊബേലിന് അര്‍ഹരായ വനിതകളുടെ എണ്ണം 7 ആയി. മേരി ക്യൂറി (1911), എറിന്‍ ക്യൂറി (1935), ഡൊറോത്തി ഹോജ്ഗ്കിന്‍ (1964), ആദാ യെനോത് (2009), ഫ്രാന്‍സെസ് ആര്‍നോള്‍ഡ് (2018) എന്നിവരാണ് മുന്‍ ജേതാക്കളായ വനിതകള്‍.
ജീന്‍ ടെക്‌നോളജിയിലെ ഏറ്റവും മൂര്‍ച്ചയേറിയ സംവിധാനമായി ഗണിക്കപ്പെടുന്ന ക്രിസ്പര്‍-കാസ്9 ജനറ്റിക് സിസ്സേര്‍സ് ഉപയോഗിച്ച് ഗവേഷകര്‍ക്ക് മൃഗങ്ങളുടെയും സൂക്ഷ്മ ജീവികളുടെയും സസ്യങ്ങളുടെയും മറ്റും ഡിഎന്‍എ കൃത്യതയോടെ മുറിച്ചു മാറ്റാന്‍ സാധിക്കും. നൂതനമായ ക്യാന്‍സര്‍ ചികിത്സകള്‍ക്കും ജനിതക രോഗങ്ങള്‍ ഭേദമാക്കാനും ഈ മാര്‍ഗം ഉപയോഗിക്കാനാകും. പ്ലാന്റ് ബ്രീഡിങ്ങിലും കൃഷിരംഗത്ത് മേന്മയേറിയ വിളകള്‍ സൃഷ്ടിക്കാനുമൊക്കെ ഇത് സഹായകമാകും.
ജര്‍മനിയിലെ ബര്‍ലിനിലുള്ള സയന്‍സ് ഓഫ് പത്തോജന്‍സിലെ മാക്‌സ് പ്ലാന്‍ക് യൂണിറ്റിന്റെ ഡയറക്ടറാണ് ഇമ്മാനുവെല്ലെ ഷാര്‍പെന്റിയെര്‍. 1968 ല്‍ ഫ്രാന്‍സില്‍ ജനിച്ചു. യുഎസിലെ ബര്‍ക്ലെ സര്‍വകലാശാലയിലെ പ്രഫസറാണ് ജെന്നിഫര്‍ എ. ഡൗഡ്‌ന. 1964 ഫെബ്രുവരി 19ന് വാഷിങ്ടണിലാണ് ഡൗഡ്‌ന ജനിച്ചത്.
ഭൗതികശാസ്ത്ര നോബല്‍ 2020 : തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ക്ക്
തമോഗര്‍ത്ത ഗവേഷണത്തില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ റോജര്‍ പെന്റോസ് (Roger Penrose), റെയ്‌നാഡ് ഗെന്‍സല്‍ (Reinhard Genzel), ആന്‍ഡ്രിയ ഗെസ് (Andrea Ghez) എന്നീ ശാസ്ത്രജ്ഞര്‍ ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നോബല്‍ സമ്മാനം പങ്കുവച്ചു. പുരസ്‌കാരത്തിന്റെ നേര്‍പകുതി പെന്റോസിനും ബാക്കി മറ്റു 2 പേര്‍ക്കുമായാണു നല്‍കുന്നത്. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഗെന്‍സലും യുഎസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ആന്‍ഡ്രിയ ഗെസും സൗരയൂഥത്തിന്റെ മധ്യഭാഗത്തു നിലനില്‍ക്കുന്ന അതീവ പിണ്ഡമുള്ള തമോഗര്‍ത്തം കണ്ടെത്തിയതിലൂടെയാണ് പുരസ്‌കാരത്തിനര്‍ഹരായത്. ഭൗതികശാസ്ത്രനോബല്‍ നേടുന്ന നാലാമത്തെ വനിതയാണ് ആന്‍ഡ്രിയ ഗെസ്.
തമോഗര്‍ത്തങ്ങളുടെ ഉദ്ഭവം, നിലനില്‍പ്പ് എന്നിവയെക്കുറിച്ചു ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കുന്നതിനു തുടക്കമിട്ടതാണ് പെന്റോസിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എമറിറ്റസ് പ്രഫസറാണിദ്ദേഹം. ലോകപ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിംഗിനോടൊപ്പം നടത്തിയ ഗവേഷണങ്ങള്‍ക്ക് 1988ല്‍ ഭൗതികശാസ്ത്രത്തിനുള്ള വുള്‍ഫ് പ്രൈസ് ലഭിച്ചിട്ടുണ്ട്. 1931 ആഗസ്റ്റ് 8ന് ഇംഗ്ലണ്ടിലെ എസ്സക്‌സിലാണ് ഇദ്ദേഹം ജനിച്ചത്.
1952 മാര്‍ച്ച് 24ന് ജര്‍മനിയിലാണ് റെയ്‌നാഡ് ഗെന്‍സല്‍ ജനിച്ചത്. ആന്‍ഡ്രിയ ഗെസ് 1965 ജൂണ്‍ 16ന് ന്യൂയോര്‍ക്കില്‍ ജനിച്ചു.
Tuesday, October 6, 2020
2020 ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം; മൈക്കേല്‍ ഹൗട്ടണ്‍, ഹാര്‍വേ ജെ ആള്‍ട്ടര്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്ക്.
ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. മൈക്കേല്‍ ഹൗട്ടണ്‍, ഹാര്‍വേ ജെ ആള്‍ട്ടര്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (1,118,000 യുഎസ് ഡോളര്‍) ആണ് പുരസ്‌കാരം.