മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും പാര്‍ലമെന്റേറിയനും കൂടിയായിരുന്നു അദ്ദേഹം. ദീര്‍ഘകാലം ജനതാദള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാര്‍ കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1936 ജൂലായ് 22-ന് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡരുടെയും മരുദേവി അവ്വയുടെയും മകനായി വയനാട്ടിലെ കല്പറ്റയില്‍ ജനിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസം വയനാട്ടിലായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സാമൂതിരി കോളേജില്‍നിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജില്‍നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍നിന്ന് എം.ബി.എ. ബിരുദവും നേടി. 1979 നവംബര്‍ 11-ന് മാതൃഭൂമി പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായി. ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് ചെയര്‍മാന്‍, പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രസ്റ്റി, ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്പര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് എക്‌സിക്യുട്ടീവ് കമ്മിറ്റി മെമ്പര്‍, ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 1992-'93, 2003-'04, 2011-'12 കാലയളവില്‍ പി.ടി.ഐ. ചെയര്‍മാനും 2003-'04-ല്‍ ഐ.എന്‍.എസ്. പ്രസിഡന്റുമായിരുന്നു.
1987ല്‍ കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. വനങ്ങളിലെ മരങ്ങള്‍ മുറിക്കരുതെന്ന അദ്ദേഹത്തിന്റെ ഉത്തരവ് വിവാദമായതോടെ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. കേന്ദ്ര മന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി. 2004-'09 കാലത്ത് പാര്‍ലമെന്റ് അംഗമായും പ്രവര്‍ത്തിച്ചു.
നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ഹൈമവതഭൂവില്‍, ആമസോണും കുറെ വ്യാകുലതകളും, ഗാട്ടും കാണാച്ചരടുകളും, വിചിന്തനങ്ങള്‍ സ്മരണകള്‍, ആത്മാവിലേക്ക് ഒരു തീര്‍ഥയാത്ര, ഡാന്യൂബ് സാക്ഷി, ഹൈമവതഭൂവില്‍, സ്മൃതിചിത്രങ്ങള്‍ ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം, ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും, തിരിഞ്ഞുനോക്കുമ്പോള്‍, പ്രതിഭയുടെ വേരുകള്‍ തേടി, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, രോഷത്തിന്റെ വിത്തുകള്‍, രാമന്റെ ദുഃഖം, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി തുടങ്ങിയവ പ്രധാന കൃതികളില്‍പ്പെടുന്നു.
ഒട്ടനവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സി. അച്യുതമേനോന്‍ സാഹിത്യ പുരസ്‌കാരം (1995), മഹാകവി ജി. സ്മാരക അവാര്‍ഡ് (1996), ഓടക്കുഴല്‍ അവാര്‍ഡ് (1997), സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് (1997), കേസരി സ്മാരക അവാര്‍ഡ് (1998), നാലപ്പാടന്‍ പുരസ്‌കാരം (1999), അബുദാബി ശക്തി അവാര്‍ഡ് (2002), വയലാര്‍ അവാര്‍ഡ് (2008), ബാലാമണിയമ്മ പുരസ്‌കാരം (2009), കേശവദേവ് സാഹിത്യപുരസ്‌കാരം, കെ.പി. കേശവമേനോന്‍ പുരസ്‌കാരം (2010), കെ.വി. ഡാനിയല്‍ അവാര്‍ഡ് (2010), ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് (2010), അമൃതകീര്‍ത്തി പുരസ്‌കാരം (2011), സ്വദേശാഭിമാനി പുരസ്‌കാരം (2011) തുടങ്ങിയവ ഇതില്‍ ചിലതുമാത്രം.
വീരേന്ദ്രകുമാറിനെക്കുറിച്ച് കൂടുതലറിയാം